കൊച്ചി: തൃശ്ശൂര്‍ പാവറട്ടിയ്ക്കടുത്ത ചുക്കുബസാറില്‍ വെച്ച് സിപിഎം പ്രവര്ത്തകന് ഷിഹാബ് കൊല്ലപ്പെട്ട കേസില്‍ പോലീസ് പ്രതിചേര്‍ത്ത കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ട്രിപ്പിള്‍ ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതികളായ നവീന്‍, പ്രമോദ്, രാഹുല്‍, വൈശാഖ്, സുധീര്‍ എന്ന കണ്ണന്, ബിജു, വിജയശങ്കര്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കുറ്റവിമുക്തരാക്കി.
2015 മാര്‍ച്ച് 15-ന് ആയിരുന്നു് സംഭവം. തൃശ്ശൂര്‍ പാവറട്ടിക്കടുത്ത് ചുക്കുബസാറില്‍ വെച്ച് പ്രതികള്‍ ഷിഹാബ് സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു വീഴ്ത്തി വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസില്‍ ആരോപിച്ചിരുന്നത്. ബിജെപി പ്രവര്ത്തകന് വിനോദ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായിരുന്നു മരണപ്പെട്ട ഷിഹാബ്. ഇതിലുള്ള രാഷ്ട്രീയ വിരോധം വെച്ച് പ്രതികള്‍ ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചിരുന്നത്.
2015 മുതല്‍ പ്രതികള്‍ വിചാരണാ തടവുകാരായി ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. വിചാരണക്കോടതിയായ തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് വിധിച്ച ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കി പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. പി. വിജയഭാനു, അഡ്വ. എസ്. രാജീവ്, അഡ്വ. അര്ജുന് ശ്രീധര്‍ എന്നവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: