ഇന്ത്യ എന്ന പേരില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രതിപക്ഷസഖ്യം എത്രമാത്രം ഇന്ത്യാവിരുദ്ധമാണെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ലഡാക്കിലേക്ക് യാത്രനടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പറഞ്ഞത്. ചൈനീസ് അതിര്‍ത്തിയിലെ പാങ്ങോങ് തടാകത്തിനു സമീപത്തെ റോഡിലൂടെ ബൈക്കോടിച്ച ഈ നേതാവ് പറഞ്ഞത് ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തിട്ടുണ്ടെന്നാണ്. വസ്തുതാവിരുദ്ധവും രാജ്യദ്രോഹപരവുമായ ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാവുന്നതുകൊണ്ടാവണം ജനങ്ങളാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്. നേരിട്ട് സ്ഥലം സന്ദര്‍ശിച്ചയാള്‍ എന്തിനാണ് രാജ്യവിരുദ്ധ മനോഭാവത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുന്നത്? കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളും ഇത് ആദ്യമായല്ല അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത്. അതിര്‍ത്തിയിലെ ദോക്ലാമില്‍ സംഘര്‍ഷം മുറ്റിനില്ക്കുമ്പോള് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാഹുലും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നുവല്ലോ. ചൈനീസ് സേനയുടെ അതിക്രമങ്ങളെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിടുകയും, അവര്‍ക്ക് വലിയ ആള്‍നാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന വ്യാജേന ചൈനയുടെ തെറ്റായ അവകാശവാദങ്ങളെ അംഗീകരിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ചൈനയ്ക്ക് ഇന്ത്യന്‍ സേന തിരിച്ചടി നല്കുമ്പോഴൊക്കെ ഒരു രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്നോണം ആ രാജ്യത്തെ പിന്തുണയ്ക്കുന്ന രീതിയാണ് കോണ്‍ഗ്രസ്സ് പിന്‍പറ്റുന്നത്.
രാജ്യത്തിന്റെ ഒരിഞ്ചുഭൂമി പോലും ചൈനീസ് സൈന്യം കയ്യേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ശരിയല്ലെന്ന രാഹുലിന്റെ പ്രസ്താവന വിരോധാഭാസവും വഞ്ചനാത്മകവുമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്താണ് രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശം ചൈന വന്‍തോതില്‍ കയ്യേറിയത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ക്ഷണിച്ചുവരുത്തിയ ആക്രമണത്തിലൂടെ ഇന്ത്യയുടെ പതിനായിരക്കണക്കിന് ചതുരശ്രമൈല്‍ പ്രദേശമാണ് ചൈന പിടിച്ചെടുത്തത്. പുല്ലുപോലും മുളയ്ക്കാത്ത പ്രദേശമെന്നു പറഞ്ഞ് പാര്‍ലമെന്റില്‍ ചൈനീസ് അതിക്രമത്തെ ന്യായീകരിക്കുകയാണ് നെഹ്റു ചെയ്തത്. ഇത് തിരിച്ചുപിടിക്കാനുള്ള യാതൊരു ശ്രമവും നെഹ്റുവിന്റെയും പിന്നീടുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും കാലത്ത് ഉണ്ടായില്ല. ജമ്മുകശ്മീരില്‍ പാകിസ്ഥാന് കയ്യേറിയ പ്രദേശം പാകിസ്ഥാനു വിട്ടുകൊടുത്തതും, പാക്കധീന കശ്മീരിലെ പ്രദേശം ചൈനയും പാകിസ്ഥാനും ചേര്‍ന്ന് പങ്കിട്ടെടുത്തതും കോണ്‍ഗ്രസ്സിന്റെ ഭരണകാലത്താണ്. ഇത് വീണ്ടെടുക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ഇതിനെതിരെ ശബ്ദിക്കുകപോലും ചെയ്യാതിരുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തോട് നെഹ്റുവിനുണ്ടായിരുന്ന ആത്മഹത്യാപരമായ വിധേയത്വമാണ് ഇതിനൊക്കെ കാരണം. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഒന്നിലധികം തവണ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട അംഗത്വം ചൈനയ്ക്ക് നല്കി ദേശസ്നേഹം തൊട്ടുതെറിക്കാത്ത പ്രവൃത്തിയാണ് നെഹ്റുവില്‍നിന്നുണ്ടായത്. ഈ ചൈനീസ് വിധേയത്വം കയ്യൊഴിയാന്‍ ഇന്നും നെഹ്റു കുടുംബം തയ്യാറല്ലെന്നതിന് തെളിവാണ് രാഹുലിന്റെ പ്രസ്താവനകള്‍. പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടിട്ടും ചൈനയോടുള്ള വിധേയത്വം കോണ്‍ഗ്രസ്സ് ഉപേക്ഷിക്കാത്തതിനു പിന്നില്‍ ചില രഹസ്യ അജണ്ടകളുണ്ടാവാം.
മന്മോഹന് സിങ്ങും സോണിയയും നേതൃത്വം നല്കിയ പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തിയിലൂടെ ചൈന നിരന്തരം അതിക്രമിച്ചു കയറി. പാര്‍ലമെന്റില്‍ ഇക്കാര്യം പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇത് തടയാനോ അപലപിക്കാനോ കോണ്‍ഗ്രസ്സോ, സര്‍ക്കാരില്‍ അംഗമായ ഇടതുപാര്‍ട്ടികളോ തയ്യാറായില്ല. പ്രതിപക്ഷം ഈ പ്രശ്നമുന്നയിച്ചപ്പോള്‍ ചൈനയ്ക്ക് സഹായകമാവുന്ന അതിര്‍ത്തിയിലെ അവികസിതാവസ്ഥ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അവിടെ റോഡുകളും മറ്റും നിര്‍മിച്ചാല്‍ ചൈനീസ് സൈന്യം അത് ഉപയോഗിക്കുമെന്നുമായിരുന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിചിത്രമായ പ്രസ്താവന. ജീവന് പണയംവച്ചും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നതും, നൂറ്റിനാല്പതുകോടി ജനങ്ങളെ അപമാനിക്കുന്നതുമായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തിയത്. ഇതില്‍ പ്രകോപിതരായാണ് ചൈനീസ് സൈന്യം ചില സാഹസങ്ങള്‍ക്ക് മുതിര്‍ന്നതും, ഇന്ത്യയുടെ സൈന്യം ധീരമായി തിരിച്ചടിച്ചതും. മോദി സര്‍ക്കാര്‍ നിര്‍മിച്ച റോഡിലൂടെ ലഡാക്കിലെത്തിയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന വസ്തുത വിസ്മരിക്കപ്പെടരുത്. അതിര്‍ത്തിയില്‍ തങ്ങളുടെ അതിക്രമങ്ങള്‍ അനുവദിക്കാത്ത ഒരു ഭരണകൂടത്തിന് ഇനിയും അധികാരത്തുടര്‍ച്ച ലഭിക്കുന്നതിന് ചൈന എതിരാണ്. ഈ മനോഭാവമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനകളിലും പെരുമാറ്റങ്ങളിലും പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: