മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. പരുക്കില്‍നിന്നു മുക്തരായ കെ.എല്‍. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പര യില്‍ കളിച്ച ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും പ്രസിദ്ധ് ഏകദിന ടീമില്‍ തിരിച്ചെത്തി.
അതേസമയം, കേരള താരം സഞ്ജു സാംസണെ പതിനേഴംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റിസര്‍വ് കളിക്കാരനായാണ് ടീമില്‍ ലിസ്റ്റില്‍ ഇടം നല്‍കിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായ രാഹുലും ഇഷാന് കിഷനും ടീമിലുള്ള സാഹചര്യത്തിലാണ്, കിട്ടിയ അവസരങ്ങള്‍ മുതലാക്കാനാവാതെ പോയ സഞ്ജു അവഗണിക്കപ്പെട്ടത്. സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
മധ്യനിരയിലെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ യുവതാരം തിലക് വര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ തിലക് ഇതുവരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നില്ല.
ബുംറയും പ്രസിദ്ധും തിരിച്ചുവന്നതോടെ അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് അവസരം നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജും ശാര്‍ദൂല്‍ താക്കൂറുമാണ് ടീമിലെ മറ്റു പേസ് ബൗളര്‍മാര്‍. ഓള്‍റൗണ്ടരായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയെയും അക്ഷര്‍ പട്ടേലിനെയും ഉള്‍പ്പെടുത്തി.
ലെഗ്സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇടം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖന്. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ഓഗസ്റ്റ് 30നാണ് ഏഷ്യ കപ്പ് തുടക്കം. പാക്കിസ്ഥാനും നേപ്പാളും തമ്മില്‍ ഉദ്ഘാടനം മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരേ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ പല്ലെകെലെയില്‍. പാക്കിസ്ഥാനാണ് ആതിഥേയരെങ്കിലും, അവിടെ കളിക്കാന്‍ ഇന്ത്യ വിസമ്മതം അറിയിച്ച സാഹചര്യത്തില്‍, ടീമിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഗ്രൂപ്പ് ബിയില്‍. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്കു മുന്നേറും. ഈ ഘട്ടത്തില്‍ എല്ലാ ടീമുകളും പരസ്പരം മത്സരിച്ച്, മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെപ്റ്റംബര്‍ 17നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന് കിഷന്, ശാര്‍ദൂല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: