സിഡ്നി: ഒരുമാസക്കാലമായി തുടര്‍ന്നുവരുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന് ഇന്ന് കൊട്ടിക്കലാശം. കലാശപ്പൂരം കെട്ടടങ്ങുമ്പോള്‍ യൂറോപ്യന്‍ ശക്തികളില്‍ ഒരുകൂട്ടര്‍ ആഘോഷിക്കും. മറ്റൊരു കൂട്ടര് റണ്ണറപ്പെന്ന നേട്ടം ഉള്‍ക്കൊണ്ട് മൈതാനം വിടും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം. സിഡ്നി നഗരത്തിലെ സ്റ്റേഡിയം ഓസ്ട്രേലിയയിലാണ് പോരാട്ടം.
ലോകകപ്പില്‍ ഇതുവരെ കളിച്ച ആറ് കളികളിലും ജയിച്ച കരുത്തുമായാണ് നിലവിലെ യൂറോ ചാമ്പ്യന്മാര് കൂടിയായ ഇംഗ്ലണ്ട് ഫൈനലിനൊരുങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ കാര്യമായ വെല്ലുവിളികളുണ്ടായില്ല. നേരിട്ട ഒരേയൊരു കരുത്തര്‍ ഡെന്മാര്ക്ക് മാത്രം. അവരെ 1-0ന് തോല്‍പ്പിച്ചു. ഹെയ്തിയെയും അതേ സ്കോറിന് കീഴടക്കി. ചൈനയെ 6-1ന് നിഷ്പ്രഭരാക്കി. ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലെത്തി. നൈജീര്യക്കെതിരെ കടുത്ത വെല്ലിവിളിയാണ് നേരിട്ടത്. ഒടുവില്‍ ഷൂട്ടൗട്ടില്‍(5-4) ജയിച്ചുകയറുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ തോല്‍പ്പിച്ചു. സെമിയില്‍ ആതിഥേയ മികവില്‍ കുതിച്ച ഓസ്ട്രേലിയയെ തളച്ച് ഫൈനലിലെത്തി. ഇതുവരെയുള്ള പ്രകടനമികവ് വിലയിരുത്തിയാല്‍ ഇംഗ്ലണ്ട് കപ്പടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇത്തവണ അഴകും ചടുലതയും സ്കോറിങ് മികവും ഒത്തുചേര്‍ന്ന ഫുട്ബോളുമായാണ് സ്പാനിഷ് വനിതാ സംഘം ഫൈനല്‍ വരെ എത്തിനില്‍ക്കുന്നത്. ഓരോ മത്സരവും അവരുടെ സ്റ്റൈലന്‍ പെര്‍ഫോമന്‍സ് അടയാളപ്പെടുത്തുന്നതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പക്ഷെ അടിപതറി. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട സ്പെയിന് മൂന്നാമത്തെ മത്സരത്തില്‍ ജപ്പാന് മുന്നില്‍ വെറുമൊരു തോല്‍വിയായിരുന്നില്ല ഏറ്റുവാങ്ങിയത്. 4-0ന്റെ തകര്‍ച്ചയായിരുന്നു. പ്രതിരോധ കോട്ടകെട്ടി അതിവേഗം കൗണ്ടര്‍ അറ്റാക്കില്‍ മുന്നേറി സ്കോര്‍ ചെയ്യുന്ന ഏഷ്യന്‍ കരുത്തിന് മുന്നില്‍ സ്പാനിഷ് ടീം പകച്ചുപോയി. അതിന് മുമ്പ് ഗ്രൂപ്പ് സിയില്‍ കോസ്റ്ററിക്കയെയും സാംബിയയെയും തോല്‍പ്പിച്ചിരുന്നു.
പിന്നെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 5-1 ജയവുമായി തിരിച്ചുവരവ് നടത്തി. ക്വാര്‍ട്ടറില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ 2-1ന് തോല്‍പ്പിച്ചു. സെമിയില്‍ കീഴടക്കിയത് സ്വീഡനെ. ഇന്ന് ഫൈനലില്‍ എതിരാളികളായി കരുത്തരായ ഇംഗ്ലണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: