ബ്രിസ്‌ബേന്‍: പ്രതീക്ഷയുടെ തിരിനാളം തീര്‍ന്ന സ്വീഡനും ഓസ്‌ട്രേലിയയും ലോക വനിതാ ഫുട്‌ബോളില്‍ ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. ഫിഫ വനിതാ ലോകകപ്പ് ഫു്ടബോളിലെ മൂന്നാം സ്ഥാനം നിര്‍ണയിക്കുന്ന മത്സരത്തില്‍. ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റെങ്കിലും ചരിത്ര നേട്ടം കൈവരിച്ചതിന്റെ ആവേശത്തിലാണ് ഓസ്‌ട്രേലിയ. സ്വീഡനാകട്ടെ ലൂസേഴ്‌സ് ഫൈനലില്‍ പലകുറി വിജയിച്ചതിലുള്ള ആത്മവിശ്വാസത്തിലും.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ രണ്ടിലും സ്വീഡന്‍ മൂന്നാം സ്ഥാനക്കാരായി ലോകകപ്പുകളില്‍ നിന്ന് വിടപറഞ്ഞുപോയവരാണ്. സെമിയില്‍ സ്‌പെയിനെതിരെ 2-1നാണ് ടീം പരാജയപ്പെട്ടത്. സെമിയില്‍ അവസാന നിമിഷത്തോടടുക്കുമ്പോള്‍ ഓള്‍ഗ കാര്‍മോണയിലൂടെ സമനില ഗോള്‍ നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും സെക്കന്‍ഡുകളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. ലോകകപ്പിലെ ആദ്യ ഫൈനല്‍ എന്ന മോഹം ഇക്കുറിയും നടക്കാത്തതിന്റെ ക്ഷീണം സ്വീഡന് മാറ്റിയെടുക്കാന്‍ ശേഷിക്കുന്നത് ഇന്നത്തെ പോരാട്ടം മാത്രം.
ലോകകപ്പിലെ ആതിഥേയ ടീമുകളിലൊന്നായ ഓസ്‌ട്രേലിയയും സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ വലിയ മോഹത്തോടെയാണിറങ്ങിയത്. രണ്ടാം പകുതിയില്‍ സാം കെര്‍ നേടിയ സമനില ഗോളില്‍ വലിയ പ്രതീക്ഷയുയര്‍ന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ കുരത്തിന് മുന്നില്‍ 3-1ന് പിടഞ്ഞുവീഴാനായിരുന്നു വിധി. വമ്പന്‍മാര്‍ പലരും നേരത്തെ വീണുപോയ ഈ ലോകകപ്പില്‍ സെമി വരെ കുതിക്കാനായത് ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് കപ്പോളം പോന്ന പൊന്‍ നേട്ടമാണ്. ക്വാര്‍ട്ടറിനപ്പുറം കടന്നത് ഓസ്‌ട്രേലിയയുടെ ചരിത്ര നേട്ടം. ആതിഥേയര്‍ എന്ന ആനുകൂല്യത്തില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തോടെ പൂര്‍ത്തിയാക്കാനിറങ്ങുമ്പോള്‍ ഈ ടീമിന്റെ ദാഹം ഒന്നുമാത്രം ഇന്നില്ലെങ്കില്‍ ഇനിയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: