കണ്ണൂര്‍: മയക്കുമരുന്ന് ഉപയോഗത്തിനെതിരേ പോലീസിന്റെ നേതൃത്വത്തില്‍ എക്സൈസും പോലീസും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കണ്ണൂരിലേക്കുള്ള ലഹരി കടത്തും വില്‍പ്പനയും തകൃതി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്നും മയക്കു മരുന്നുമായി ആറംഗ ഡിജെ സംഘത്തെ അറസ്റ്റ് ചെയ്തത് ഇതിലേക്കാണ് വിരല്‍ ചൂണ്ടണ്ടുന്നത്. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമ്പോഴും ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുദിനം ലഹരിക്ക് അടിമകളാകുകയാണ്.
വര്‍ഷം പകുതി ആയപ്പോഴേക്കും ജില്ലയിലെ എംഡിഎംഎ കേസുകള്‍ കുത്തനെ ഉയര്‍ന്നു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ജൂണ്‍ വരെ 206 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം 522 കേസുകളിലായി 527 പേരാണ് പിടിയിലായത്. കഞ്ചാവ് കേസുകളും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 92 കിലോ പിടികൂടിയപ്പോള്‍ ഈ വര്‍ഷം പകുതി പിന്നിടുമ്പോഴേക്കും 65 കിലോയാണ് എക്സൈസ് പിടിച്ചെടുത്തത്. ജൂണ്‍ മാസം വരേയുള്ള കണക്കു പ്രകാരം 217 ഗ്രാം എംഡിഎംഎയും 254 ഗ്രാം മെത്താഫെറ്റമിനും 155 സ്പാസ്മോ പ്രോക്സിയോന് ഗുളികകളും പിടിച്ചെടുത്തു. എക്സൈസ് പരിശോധനയിലെ കണക്കുകള്‍ മാത്രമാണിത്. പോലീസിന്റെ കണക്കുകള്‍ കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും.
കഴിഞ്ഞവര്‍ഷം എക്സൈസ് വകുപ്പ് പുറത്തുവിട്ട സംസ്ഥാനത്തെ മയക്കുമരുന്നു ഇടപാടുകാരുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ണൂരില്‍ നിന്നായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) കേസുകള്‍ പ്രകാരം തയാറാക്കിയ റിപോര്‍ട്ടില്‍ 2334 മയക്കുമരുന്ന് ഇടപാടുകാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 412 പേര് കണ്ണൂരിലാണ്.കഴിഞ്ഞ മാസം മാത്രം സിറ്റി പൊലിസ് ജില്ലാ പരിധിയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 202 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലയില്‍ നിന്നു ലഹരി മരുന്നു വിതരണത്തിലെ മുഖ്യ കണ്ണികള്‍ കഞ്ചാവും എംഡിഎംഎയുമായി പിടിയിലായത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങില്‍ ലഹരി മരുന്ന് വിതരണത്തിനെത്തിക്കുന്ന 21 ഉം 23 ഉം വയസുള്ള യുവതിയും യുവാവുമാണ് പിടിയിലായത്. ഇന്നലെ യുവതിയടക്കമുളള ആറംഗ സംഘമാണ് തലശ്ശേരിയില്‍ പിടിയിലായത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്ന മൊത്ത വിതരണക്കാരില്‍ പ്രധാനികളായിരുന്നു ഇവര്‍.
ആരും കുടുങ്ങാതെ ഡ്രോണ്‍ പരിശോധന
ലഹരി വില്പനയും ഉപയോഗവും തടയാന്‍ കേരള പൊലിസ് ആരംഭിച്ച ഡ്രോണ്‍ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസമാണ് ഡ്രോണ്‍ സംവിധാനം നിലവില്‍ വന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളായ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിങ് കന്ദ്രങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഒമ്പത് സ്റ്റേഷനുകളിലാണ് ഡ്രോണ്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: