ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹത്തെ സല്‍ക്കരിച്ച് ഗാധി അയാള്‍ക്ക് സന്തോഷമുണ്ടാക്കി. സന്ധ്യാവന്ദനാദികളൊക്കെ കഴിഞ്ഞു രണ്ടുപേരും കിടന്നു. ഓരോ കഥകള്‍ പറഞ്ഞ ഗാധി അതിഥിയോട് ഇങ്ങനെ ചോദിച്ചു, ‘അങ്ങ് വളരെ ക്ഷീണിച്ചുപോയല്ലോ? ദേഹം ഇങ്ങനെ ചടയ്ക്കുവാന്‍ ബന്ധമെന്താണ്?’ ഇതുകേട്ട് ആ അതിഥിയായ ബ്രാഹ്മണന് ഇങ്ങനെ പറഞ്ഞുതുടങ്ങി, ‘കീരമെന്നു പ്രസിദ്ധമായി ഭൂമിയില്‍ ഒരു മനോഹര രാജ്യമുണ്ട്. വടക്കേ ദിക്കിലാണ് ആ രാജ്യം. അവിടത്തെ ജനങ്ങളാല്‍ ബഹുമാനിതനായി ഞാന്‍ അവിടെ വസിച്ചു എന്ന് ഒരു മനുഷ്യന് എന്നോട് പറഞ്ഞു. ഈ രാജ്യമൊക്കെയും എട്ടുവര്‍ഷം സൈ്വരമായി ഒരു ചണ്ഡാളന് ഭരിച്ചിരുന്നു. പിന്നെ കാര്യങ്ങള്‍ ഗ്രഹിച്ച അവന്‍തന്നെ തീയീല്‍ച്ചാടി മരിച്ചു. വിപ്രോത്തമ! കഷ്ടമേറി, മഹാവിപ്രസംഘങ്ങളും ഉടനെ തീയില്‍ച്ചാടി മരിച്ചു. ഇങ്ങനെ അവന് പറഞ്ഞതുകേട്ടിട്ട് പെട്ടെന്ന് ആ ദിക്കില്‍നിന്ന് പുറപ്പെട്ടുചെന്നു ഗംഗയില്‍ സ്നാനാദിശാന്തികള്‍ നന്നായിക്കഴിച്ച് ചാന്ദ്രായണമാകുന്ന വ്രതം കൈക്കൊണ്ടതുകാരണം ഞാനിക്കാലം ഇങ്ങനെയായിച്ചമഞ്ഞുപോയി.’
ഇപ്രകാരം അതിഥി പറഞ്ഞതുകേട്ടപ്പോള്‍ അത്യന്തം അത്ഭുതത്തോടെ ഗാധി ‘ഇദ്ദേഹമിപ്പോള്‍ പറഞ്ഞതെല്ലാം എന്റെ വൃത്താന്തമാണല്ലോ. എന്റെ ചണ്ഡാളവൃത്തം ചെന്നുനോക്കേണ’മെന്നു ഉള്ളിലുറച്ചു. പിന്നെ പുറപ്പെട്ട് അനേകരാജ്യങ്ങളെ ഗാധികടന്നു പ്രശസ്തമായ ആ ഹൂണമണ്ഡലത്തിലെത്തി. താന്‍ വാണ ചണ്ഡാലമന്ദിരം അന്വേഷിച്ചു, വളരെ പരിചയംതോന്നുന്ന വേറെയും ഓരോന്നു കണ്ടു. വിപ്രോത്തമന്‍ ഉള്ളില്‍ ആ പത്മയോനി(നാരായണന്റെ)യുടെ ചേഷ്ടകള്‍ ഓര്‍ത്ത് അത്ഭുതത്തോടെ തലകുലുക്കി. പിന്നെ ആ ഹൂണരാജ്യത്തെ ഉപേക്ഷിച്ച് ബ്രാഹ്മണന് കീരരാജ്യത്തുചെന്നു. അവിടെ താന്‍ വാണ രാജധാനിയും മറ്റും കണ്ടശേഷം ഓരോ ജനങ്ങളെക്കണ്ട് ചോദിച്ച് ഒക്കെയും നേരേ ധരിച്ചു. ഇന്ദിരാവല്ലഭന്‍ അച്യുതന് നിശ്ചയമായും കാണിച്ചുതന്ന മഹാമായയാണിത്. അപ്പോള്‍ കാര്യമെല്ലാം എനിക്കു മനസ്സിലായി എന്ന് ഉള്ളിലോര്‍ത്ത് ആ രാജ്യത്തില്‍നിന്ന് ഒരു പര്‍വതച്ചുവട്ടിലെത്തി ഒരു സിംഹത്തെപോലെ വാണു. നാരായണന് സന്തുഷ്ടനായിവരാന്‍ ഘോരമായുള്ള തപസ്സുചെയ്തു.
ഒന്നരവര്‍ഷം കഴിഞ്ഞോരനന്തരം വിപ്രന്റെ അടുക്കലെത്തി കാര്വര്ണന് ജനാര്ദ്ദനന് ഇങ്ങനെ പറഞ്ഞു, ‘എന്റെ മഹാമായയെ ഭവാന് നല്ലവണ്ണം കണ്ടില്ലേ? എന്താഗ്രഹംകൊണ്ടാണ് വലിയ തപസ്സ് പിന്നെയും നീ ചെയ്യുന്നത്?’ കാര്‍മേഘം കണ്ട വേഴാമ്പല്‍പ്പക്ഷിയെപ്പോലെ ബ്രാഹ്മണന് നല്ലവണ്ണം തെളിഞ്ഞു പാരില്‍വീണ് മുകുന്ദനെ നന്നായി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു,’ലോകൈകനാഥാ! അതീവ തമോമയിയായ മായയെ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. ഞാന്‍ അതില്‍ അല്പവും മര്‍മ്മമറിഞ്ഞില്ല. ഈ ഭ്രമമെങ്ങനെ സത്യമായിത്തീര്‍ന്നു?’ ഗാധി ഈവണ്ണം പറഞ്ഞതുകേട്ടു പാഥോജനേത്രന്‍ കനിഞ്ഞരുളിച്ചെയ്തു,-‘ഹേ ബ്രാഹ്മണശ്രേഷ്ഠാ! ഭൂമി മുതലായവയൊക്കെയും ചിത്തസ്ഥമാണ്, ഒന്നും പുറമേയല്ല. എല്ലാവരും ഇത് ഉള്ളില്‍ കരുതുക. ഇവ സ്വപ്നാദികളില്‍ അനുഭവിക്കുന്നു. അന്തമില്ലാത്ത ജഗത്സമൂഹങ്ങളെ എപ്പോഴും നന്നായി വഹിക്കുന്ന ഈ മാനസം ചണ്ഡാലത്വമൊന്നു കാണിച്ചാല്‍ വിസ്മയിക്കാനെന്താണുള്ളത്? ചണ്ഡാളത്വം പ്രതിഭാസവശാല്‍ അവബുദ്ധ(അറിയപ്പെട്ടത്)മാകുന്നതെങ്ങനെയാകുന്നു? ആയാതനായാനതിഥി (ആയാത=ആഗമനം, അനായാന=പോകാതിരിക്കല്‍)എന്നുള്ളതും ആയതുപോലെയാണെന്നതും അറിഞ്ഞീടുക. നന്നായി ഭ്രമങ്ങളെയൊക്കെയും കണ്ടു ഞാന്‍ എന്നുള്ളതും അതുപോലെയായീടുന്നു. അങ്ങനെതന്നെയാകുന്നു ഞാന്‍ ഹൂണമണ്ഡലം പ്രാപിച്ചുവെന്നുള്ളതും. പുരാതനമായ കടഞ്ജകന്റെ മന്ദിരം ഞാന്‍ കണ്ടു എന്നുള്ളതും അതേപോലെയാണ്. കീരരാജ്യത്തേക്കു ചെന്നതും മറ്റും അതേമാതിരിയാകുന്നുവെന്നു ഉള്ളില്‍ ഓര്‍ക്കുക. അന്തണശ്രേഷ്ഠ! ചണ്ഡാളത്വം നിന്റെയടുക്കലുണ്ടായത് എങ്ങനെയാണ്? കാകതാളീയയോഗ (യാദൃച്ഛികസംഭവം)ത്താല്‍ എപ്പോഴും സര്‍വ ഹൂണകീരദേശവാസികളുടെ മനക്കുരുന്നിങ്കലും അപ്രകാരം പ്രതിബിംബിതമായതെന്നും ഉള്ളില്‍ ഓര്‍ത്തുകൊണ്ടീടുക. ഏകകാലത്തില്‍ ബഹുജനങ്ങല്‍ക്ക് ഏകപ്രതിഭാസമുല്‍ഭവിച്ചീടുന്നു. കാകതാളീയസ്ഥിതിയെന്നപോലെ മനോഗതി വളരെ വിചിത്രമാകുന്നു. ഹൂണരാജ്യത്തില്‍ കടഞ്ജകനെന്നു പേരുള്ള ഒരു ചണ്ഡാളനുണ്ടായിരുന്നു. അവന് ദുഃഖം മുഴുത്ത് ദേശാന്തരം പ്രാപിച്ച് പേരുകേട്ട കീരഭൂപാലകനായി വാണു. ഞാനിതെന്നുള്ള തോന്നല്‍ നിനക്കുണ്ടായി തീയില്‍ച്ചാടി മരിച്ചു. സര്‍വ്വവും ഞാന്‍തന്നെയാണെന്നു ഭാവിച്ചു നിര്‍വ്വിവാദമായി തത്ത്വജ്ഞന്മാര്‍ വാഴുന്നു. അന്തം വെടിഞ്ഞ ഈ മായ ആത്മചിന്തനംകൊണ്ടേ നശിക്കുകയുള്ളു എന്നോര്‍ക്കുക. തജ്ഞന് എന്നും പദാര്‍ത്ഥവിഭാഗവിഷയമാകുന്ന ഒരു ഭാവനയില്ല. അതുകൊണ്ട് മോഹജാലങ്ങളില്‍ ആയവന് പെട്ടുഴന്നീടുന്നതേയില്ല. ജ്ഞാനം പരിപൂര്‍ണമാകായ്കനിമിത്തം ഭവാന്‍മാനസഭ്രാന്തിയെദൂരത്തകറ്റുവാന്‍ ശക്തനാകുന്നതില്ല, അതിനാല്‍ ദ്രുതതരമായി ഭവാനെ മനോഭ്രമം ആക്രമിക്കുന്നു. ജഗദ്രൂപമായ മായാചക്രത്തിനുള്ളോരു നാഭി ചേതസ്സത്രെ. ചേതസ്സിനെ നശിപ്പിക്കാന്‍ മായാചക്രമേതും ഒരുകാലവും ബാധിക്കയില്ല. ഒരു പത്തുവര്‍ഷം പര്‍വതഗുഹയില്‍ നന്നായി തപസ്സുചെയ്യുക. സന്ദേഹമല്പവും ഇല്ലെന്നറിഞ്ഞീടുക, എന്നാല്‍ മഹാജ്ഞാനിയായി ഭവാന് ഭവിക്കും.’ ഇങ്ങനെയെല്ലാം കനിഞ്ഞ് അരുള്ചെയ്ത് ഭക്തപ്രിയന് അവിടെ മറഞ്ഞു.
നന്നായി വിവേകവൈരാഗ്യങ്ങള്‍ ഉണ്ടായിവന്നു, സങ്കല്പങ്ങളൊക്കെ നശിച്ച് ആ ബ്രാഹ്മണന് പത്തുവര്‍ഷം ഘോരമായ തപസ്സുചെയ്ത് തത്ത്വജ്ഞനായിത്തീര്‍ന്നു. ശോകം, ഭയം ഇവയെല്ലാമകന്ന് ഭോഗത്തിലല്പവും ഇച്ഛയില്ലാതെയായി. പൂര്‍ണമായി നിശ്ചലമായ ചേതസ്സാര്‍ന്ന് പൂര്‍ണേന്ദുവെന്നതുപോലെ പ്രശാന്തനായി, ആ ധാത്രീസുരന്‍ പിന്നെ ജീവന്മുക്ത പദം പ്രാപിച്ചു. മഹാസത്തയെ നന്നായി പ്രാപിച്ച് തന്നില്‍ നല്ലവണ്ണം ആ മഹാശയന് രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: