സതീഷ് കരുംകുളം
പൂവാര്‍: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശുദ്ധജലത്തിനു പകരം എത്തുന്നത് ഉപ്പുവെള്ളം. ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ ദാഹിച്ചിട്ട് തുപ്പാനും വയ്യാ’ത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൂവാര്‍, തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഏതാനും ദിവസങ്ങളായി പൈപ്പിലൂടെ ഉപ്പ് രസം കലര്‍ന്ന വെള്ളമെത്തുന്നത്. ഒരാഴ്ചയിലേറെയായി തീരദേശമേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വെള്ളം കിട്ടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് രൂക്ഷമായ പ്രതിസന്ധിയുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷമുയരുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ല്‍ കുമിളിയില്‍ 15.92 കോടി മുടക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുപുറം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും വരുന്ന ‘ശുദ്ധീകരിച്ച’ ജലത്തിലാണ് ഉപ്പ് രസമുള്ളത്. 1958 ലാണ് തിരുപുറത്തെ കുമിളിയിലെ വറ്റാത്ത നീരുറവകളെ പ്രയോജനപ്പെടുത്തി കുമിളി വാട്ടര്‍ സപ്ലൈ സ്കീമിന് തുടക്കമിട്ടത്. സമൃദ്ധമായിരുന്ന നീരുറവകള്‍ പലതും വറ്റിപ്പോയതും ജലത്തിന്റെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിയതും ജലദൗര്‍ലഭ്യത്തിന് കാരണമായി. നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോധ്യമായതോടെ നെയ്യാറിലെ വെള്ളത്തെയും ഉപയോഗപ്പെടുത്തി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു.
നെയ്യാറില്‍ നിന്നും 8 മില്യന്‍ ലിറ്റര്‍ വെള്ളവും കുമിളിയിലെ നീരുറവയില്‍ നിന്ന് ശേഖരിക്കുന്ന 4 മില്യന്‍ ലിറ്റര്‍ വെള്ളവും ഉള്‍പ്പെടെ 12 മില്യന്‍ ലിറ്റര്‍ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ട്. തിരുപുറത്ത് 8 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കും, കാഞ്ഞിരംകുളത്ത് നിലവിലെ 2 ലക്ഷം ലിറ്റര്‍ ടാങ്ക് കൂടാതെ 4.4 ലക്ഷം കൊള്ളുന്ന പുതിയ ടാങ്കും കരുംകുളം പരണിയത്ത് 4.5 ലക്ഷം കൊള്ളുന്ന ടാങ്കും ഇതിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. പൂവാറില്‍ 2.5 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് നിലവിലുണ്ട്. ഈ ടാങ്കുകളിലെല്ലാം വെള്ളം പമ്പു ചെയ്ത് നിറയ്ക്കാനോ, അവിടെ നിന്നും പൂര്‍ണ്ണതോതില്‍ വിതരണം ചെയ്യാനോ കഴിയാത്ത സ്ഥിതിയിലാണ്. പൂവാര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരദേശത്ത് ഇപ്പോഴും കരിച്ചല്‍ പമ്പുഹൗസിലെ വെള്ളമാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ചെളി കലര്‍ന്ന വെള്ളമാണ് കിട്ടുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അവസരം മുതലാക്കി കുടിവെള്ള വില്പന ലോബികള്‍ ജലചൂഷണം നടത്തുകയും ടാങ്കര്‍ ലോറികളില്‍ വില്പന നടത്തുന്നതും പതിവാണ്. വേലിയേറ്റമുണ്ടായപ്പോള്‍ നെയ്യാറിലേക്ക് കടല്‍വെള്ളം കയറിയതാണ് ഉപ്പ് രസമുണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പൊഴിമുറിച്ചെങ്കിലും ഉപ്പ് വെള്ളം ഒഴുകി പോകാനുള്ള ഒഴുക്ക് നെയ്യാറില്‍ ഇല്ലെന്നും അധികൃതര്‍ പറയുന്നു. അടിയന്തരമായി നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനായാല്‍ കെട്ടി നില്ക്കുന്ന ഉപ്പ് വെള്ളം കടലിലേക്ക് ഒഴുകി പോകും. അല്ലെങ്കില്‍ പൊഴി കൂടുതല്‍ വീതിയില്‍ മുറിച്ചാലും പരിഹാരമാകുമെന്ന് കാഞ്ഞിരംകുളം വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അഖില്‍ എ.റ്റി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: