മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ക്രമീകരണം ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ബസുകളുടെ പാര്‍ക്കിംഗ് ക്രമീകരണം ഇല്ലാത്തതാണ് പലപ്പോഴും സ്റ്റാന്‍ഡില്‍ അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നത്. സ്ഥലപരിമിതി ഏറെയുള്ള ബസ് സ്റ്റാന്‍ഡിനുള്ളില്‍ മുന്‍പ് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്തത് പ്രശ്നങ്ങള്‍ക്ക് കാരണം.
ട്രിപ്പുകള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ബസുകള്‍ സ്റ്റാന്‍ഡിന്റെ ഒരു വശത്ത് സ്റ്റാര്‍ട്ട് ചെയ്തിടുകയാണ് പതിവ്. നാലും അഞ്ചും ബസുകള്‍ ഒരേസമയം സ്റ്റാന്‍ഡിന്റെ ഒരുവശത്ത് സ്റ്റാര്‍ട്ട് ചെയ്തിടുന്നത് സ്ഥലപരിമിതി കുറയ്ക്കാന്‍ ഇടയാക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കൂടി കടന്നുവരുന്നതോടെ പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കൂടാതെ സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിവരുന്ന ബസുകള്‍ ദേശീയപാതയില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കൂടാതെ നിര്‍ത്തിയിടുന്ന ബസുകള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മുന്പോട്ട് എടുക്കുന്നത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനായി മുണ്ടക്കയം പുത്തന്‍ചന്തയില്‍ പഞ്ചായത്തുവക സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനുള്ള പരിമിതിമൂലം പ്രവര്‍ത്തനം ആരംഭിച്ചില്ല. നിലവില്‍ പ്രൈവറ്റ് സ്റ്റാന്‍ഡിനെ തന്നെയാണ് കെഎസ്ആര്‍ടിസി ബസുകളും ആശ്രയിക്കുന്നത്. ഇത് സ്റ്റാന്‍ഡിലെ സ്ഥലസൗകര്യം കുറയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: