ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കാലപ്പഴക്കം ചെന്ന കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുമാറ്റി തുടങ്ങി. കാലപ്പഴക്കത്താല്‍ സിമന്റ് ഇളകിയും കമ്പി തെളിഞ്ഞു നില്ക്കുന്ന ഭാഗങ്ങളും ഷെയിഡുകളുമാണ് പൊളിച്ച് നീക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് മുന്‍വശത്തെ ഒരു ഭാഗം റോഡിലേക്ക് പൊളിഞ്ഞു വീണിരുന്നു. ഏഴുദിവസത്തേക്ക് സ്റ്റാന്‍ഡ് അടച്ചിട്ടാണ് ജോലികള്‍ നടക്കുന്നത്. ബസ്സ്റ്റാന്‍ഡ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ച് 5 നിലകളിലായി പുതുക്കിപ്പണിയാന്‍ നഗര സഭ തീരുമാനിച്ചിരുന്നു. ഡിപിആര്‍ തയ്യാറാക്കാനായി 14 ലക്ഷത്തോളം രൂപയും അനുവദിച്ചു. പ്ലാന്‍ തയ്യാറാക്കി നല്‍കിയെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണം നീണ്ടു പോയത്. എന്നാല്‍ ഇതിനിടെ കെട്ടിടം കൂടുതല്‍ ജീര്‍ണാവസ്ഥയിലാവുകയും കെട്ടിട ഭാഗങ്ങള്‍ അടര്‍ന്ന് വീഴുകയും ചെയ്തു. ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതോടെയാണ് നഗരസഭ താല്‍ക്കാലിക പരിഹാരത്തിന് ശ്രമിച്ചത്.
ആദ്യഘട്ടമായി പുറത്തേക്ക് തള്ളി നില്ക്കുന്ന ഭാഗങ്ങള്‍ പൊളിച്ച് നീക്കും.രണ്ടാംഘട്ടത്തില്‍ അപകടകരമായ മറ്റ് ഭാഗങ്ങളും പൊളിച്ചു നീക്കുമെന്ന് വൈസ് ചെയര്മാന് മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. സ്ട്രക്ച്ചറല്‍ അനുമതി കിട്ടിയാല്‍ ഉടന്‍ പൂര്‍ണമായും പൊളിച്ചു നീക്കും.
നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് ജോലികള്‍ നടക്കുന്നത്. ഏഴ് ദിവസത്തെ ജോലികളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ക്കും കട ഉടമകള്‍ക്കും ഇതിനായി നോട്ടീസ് നല്‍കിയിരുന്നു. ബസ്സുകള്‍ പിഎംസിക്ക് സമീപത്തെ താരക ഷോപ്പിന് സമീപം നിര്‍ത്തി ആളെ കയറ്റി ഇറക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: