ന്യൂദല്‍ഹി: മണിപ്പൂരില്‍ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സഹിഷ്ണുതയില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. ആഭ്യന്തരവകുപ്പ് സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മണിപ്പൂരില്‍ രണ്ട് യുവതികളെ ജനക്കൂട്ടം അപമാനിച്ച സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായും കേസ് സിബിഐക്ക് കൈമാറിയതായും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യമായാലും ഒട്ടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ വളരെ ഹീനമാണ്. അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നു. കര്‍ശന നടപടിയുണ്ടാകും.
രാജ്യത്തുടനീളം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശിപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണം. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രീം കോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അക്രമത്തിന് ഇരയായവര്‍ക്ക് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം നല്‍കുമെന്നും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തെരഞ്ഞെടുക്കാവുന്ന സ്ഥലത്ത് പാര്‍പ്പിടം, വിദ്യാഭ്യാസത്തിനുള്ള ക്രമീകരണം, സുരക്ഷ എന്നിവ ഉള്‍പ്പെടെ ഇരകള്‍ക്കായി പുനരധിവാസ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ഇത്തരം കേസുകളെല്ലാം ഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരിച്ചറിഞ്ഞ മറ്റു പ്രതികളെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാന്‍ ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: