തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വ്യാഴാഴ്ച നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുകുന്ദന്റെ നിലഗുരുതരമാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയോടുകൂടി ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായി.
പി പി മുകുന്ദന്റെ ആരോഗ്യ നിലയില്‍ ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അറിയിച്ചു.
‘നിലവില്‍ ഏറെ അപകടകരമായ സാഹചര്യമല്ല, ICUവിലോ വെന്റ്റിലേറ്ററിലോ അല്ല. പക്ഷേ ഐസൊലേഷന്‍ മുറിയിലാണ്. മനശക്തിയും ആത്മ ബലവും പ്രകടിപ്പിക്കുന്നു. ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്. ഓര്‍മ്മക്ക് കുറവില്ല.
മാധ്യമവാര്ത്തകള്കേട്ട് അതീവ ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ല.സംഘത്തിന്റ പ്രാന്തീയ ചുമതലപ്പെട്ട കാര്യകര്‍ത്താക്കളും ബിജെപി നേതൃത്വവും ആശുപത്രിയിലെത്തി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ദ്ധ ഡോക്ടറന്മാരുടെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. കുടുബാംഗങ്ങളും കൂടെയുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാനായി
ഐസൊലേറ്റഡ് റൂമിലാണ്. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമുണ്ട്.മെഡിക്കല്‍ സയന്‍സിന് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പു വരുത്തിക്കഴിഞ്ഞു. ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, ഏറെയും ശരിയല്ല. ആ വാര്‍ത്തകള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരെ ഏറെ വേദനിപ്പിക്കുന്നതും ഉത്കണ്ഠപ്പെടുത്തുന്നതുമാണ്.’ സുരേഷ് പറഞ്ഞു
കണ്ണൂര്‍ സ്വദേശിയായ മുകുന്ദന് ആര്‍എസ്എസ് പ്രചാരകന് എന്ന നിലയില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കുമ്പോളാണ് ബിജെപിയുടെ ചുമതലയില്‍ എത്തുന്നത്.
ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: