മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞ് പുതിയ അബ്കാരി നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും അടഞ്ഞുകിടക്കുന്നവ തുറക്കാന്‍ അനുവദിച്ചും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. നാട്ടിലെമ്പാടുമുള്ള കള്ളുഷാപ്പുകള്‍ നവീകരിച്ച് അവിടങ്ങളില്‍ കള്ളെത്തിച്ച് കൂടുതല്‍ മദ്യപാനികളെ ആകര്‍ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടോഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്‍ധിപ്പിക്കും. പ്ലാന്റേഷന് അടിസ്ഥാനത്തിലും കള്ളുല്‍പ്പാദനം നടത്തും. തെങ്ങില്‍നിന്നുള്ള കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും! ദിനംതോറുമുള്ള വില്‍പ്പനയ്ക്കുശേഷം അധികംവരുന്ന കള്ള് ഒഴുക്കിക്കളയാതെ വിന്നാഗിരിയും മറ്റും നിര്‍മിക്കുമത്രേ. കുടുംബശ്രീ വനിതകളെയും ഇതിലേക്ക് കൊണ്ടുവരും!! ചുരുക്കത്തില്‍ മദ്യപന്മാര്ക്കും ബാറ് മുതലാളിമാര്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് സര്‍ക്കാര്‍ പരോക്ഷമായി ചോദിച്ചിരിക്കുന്നത്.
സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മായതിനാല്‍ ഇങ്ങനെയൊരു അബ്കാരി നയം കൊണ്ടുവന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കോണ്‍ഗ്രസ്സിലെ ആഭ്യന്തര വഴക്കിന്റെ പശ്ചാത്തലത്തിലാണെങ്കിലും നിരവധി ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുകയാണല്ലോ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യം ചെയ്തത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. ചാരായ നിരോധനം എടുത്തുമാറ്റാന്‍ കഴിയാത്തതില്‍ വല്ലാതെ കുണ്ഠിതപ്പെട്ട് നടക്കുന്നവരാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍. എ.കെ.ആന്റണി കൊണ്ടുവന്ന ചാരായനിരോധനം അപ്രായോഗികമാണെന്ന് പറയാനുള്ള ഒരവസരവും സിപിഎം പാഴാക്കാറില്ല. കൊവിഡ് മഹാമാരിയുടെ കാലത്ത് കോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും സംസ്ഥാനത്ത് കൂടുതല്‍ മദ്യമൊഴുക്കുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിനെ നേരിടാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന് ചിലര്‍ കരുതിയിരുന്നു. ഇവരില്‍നിന്ന് അധികമൊന്നും വ്യത്യസ്തമായിരുന്നില്ല സര്‍ക്കാരിന്റെ മനോഭാവവും. ഫലത്തില്‍ ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കി. അപ്പോഴും കൂടുതല്‍ മദ്യം വില്ക്കാന് കഴിഞ്ഞതിന്റെയും, വരുമാനം വര്‍ധിച്ചതിന്റെയും സംതൃപ്തിയിലായിരുന്നു സര്‍ക്കാര്‍. ഈ ദിശയില്‍ കൂടുല്‍ മുന്നോട്ടുപോകുമെന്നാണ് പുതിയ അബ്കാരി നയത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ മദ്യലഹരിക്ക് വേണ്ടതെല്ലാം ചെയ്യുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ബാറുടമകളുടെയും മറ്റും പണം പാര്‍ട്ടി ഫണ്ടിലെത്തിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ എങ്ങനെയെങ്കിലും പണം സ്വരൂപിക്കേണ്ടതുണ്ട്. കാലിയായിരിക്കുന്ന സര്‍ക്കാര്‍ ഖജനാവില്‍ പണമെത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെയാണ് ഇതിന് ബലികൊടുക്കുന്നതെന്ന പ്രശ്നമൊന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലട്ടുന്നില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ പറഞ്ഞാലും പരിധിവിട്ട മദ്യപാനം വ്യക്തിക്കും സമൂഹത്തിനും നല്ലതുവരുത്തില്ലെന്ന് ഉറപ്പാണ്. ലോകത്തെവിടെയും ഇതാണ് സ്ഥിതി. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയരുന്നതിനും, സമൂഹത്തെ ധാര്‍മികാധപതനത്തിലേക്ക് നയിക്കുന്നതിനും മദ്യപാനം പോലെ പങ്ക് വഹിക്കുന്ന മറ്റൊന്നില്ല. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാലും ഭരിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്നതാണ് സിപിഎമ്മിന്റെ നിലപാട്. സമ്പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കാനുള്ള തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍. ഏഴ് വര്‍ഷക്കാലത്തെ ഭരണത്തിനിടെ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ഫലപ്രദമായി യാതൊന്നും ചെയ്യാതെ മദ്യമൊഴുക്കി നികുതിവരുമാനം ഉണ്ടാക്കാമെന്ന ചിന്തഅത്യന്തം വിനാശകരമാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഇതിനും സാംസ്കാരിക നായകന്മാര് കയ്യൊപ്പ് ചാര്‍ത്തും. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം. ഈ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തണം. ഭരിക്കാന്‍ ഇനിയും അവസരം നല്‍കാതെ ഈ സാമൂഹ്യവിരുദ്ധരെ പാഠം പഠിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: