ഷാജന് സി. മാത്യു
കൊച്ചി: വിദ്യാര്‍ത്ഥി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ചിലത് വില്പനയ്ക്ക്. ചില സ്വാശ്രയ കോളജുകള്‍ പരസ്യമായും എയ്ഡഡ് കോളജുകള്‍ രഹസ്യമായും വില്പനയ്ക്കു താത്പര്യപ്പെട്ടു തുടങ്ങി. കൂടുതല്‍ കോളജുകള്‍ വില്‍ക്കുന്നത് എറണാകുളം, കോട്ടയം ജില്ലകളിലാണ്.
പെരുമ്പാവൂരിനടുത്തുള്ള ഒരു കോളജ് ചോദിക്കുന്നത് 20 കോടി രൂപ. മൂന്നു വര്‍ഷമായി 50 ശതമാനം പോലും കുട്ടികളെ കിട്ടാത്തപ്പോള്‍ നടത്താന്‍ മാര്‍ഗമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
എംസി റോഡിനോട് ചേര്‍ന്നുള്ള ഒരു കോളജ് വില്പന നടക്കാതായപ്പോള്‍ വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ പ്രദേശത്തുള്ള ഒരു കോളജും നടത്താന്‍ കഴിയാത്തതിനാല്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്വാശ്രയ കോളജ് 25 കോടിക്കു വില്‍ക്കാനുള്ള പരസ്യം സമൂഹ മാധ്യമങ്ങളിലുണ്ട്. ജില്ലയിലെ മറ്റൊരു കോളജിന്റെ മാനേജ്മെന്റ് കൈമാറ്റം നടന്നതായി അറിയുന്നു.
എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ആരംഭിച്ചത്. പക്ഷേ, സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ കോളജുകള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാകാതായപ്പോള്‍ ഇവയും വന്‍നഷ്ടത്തിലേക്കു വീഴുകയായിരുന്നു. കോടികള്‍ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ ഈ കോളജുകള്‍ പലതും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാണ്. മാസങ്ങളായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ തെരുവിലിറങ്ങി സമരം നടത്തുകയും ചെയ്തു.
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളുടെ സ്ഥിതിയും ദയനീയമാണ്. റാങ്കിങ്ങില്‍ മുന്‍നിരയിലുള്ളവ ഒഴികെ വിദ്യാര്‍ത്ഥികളുടെ കുറവുമൂലം പ്രതിസന്ധിയിലാണ്. ഇരുപതോളം എന്‍ജിനീയറിങ് കോളജുകളും വില്പനയ്ക്കുണ്ടെന്നാണ് അറിവ്. എറണാകുളം ജില്ലയിലെ ഒരു എന്‍ജിനീയറിങ് കോളജിനെ ജപ്തിയില്‍ നിന്നു രക്ഷിക്കാന്‍ ഒരു റെസിന്‍ ഉത്പാദന ഗ്രൂപ്പ് നടത്തിപ്പില്‍ പങ്കാളിത്തം ഏറ്റെടുത്തിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു എന്‍ജിനീയറിങ് കോളജിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗം വില്‍ക്കുകയാണ്.
കടുത്ത വിദ്യാര്‍ത്ഥി ക്ഷാമത്താല്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നാം അലോട്ട്മെന്റും പൂര്‍ത്തിയായപ്പോള്‍ എംജി സര്‍വകലാശായിലെ മെറിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് കോളജുകള്‍ വില്‍ക്കുന്ന വിവരങ്ങളും പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: