സതീഷ് കരുംകുളം
പൂവാര്‍: പൊതുവിദ്യാഭ്യാസ രംഗത്ത് പ്രാഥമിക വിദ്യാലയങ്ങള്‍ സമാനതകളില്ലാത്തനേട്ടം കൈവരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 140 വര്‍ഷം പിന്നിട്ട ഗവ. എല്‍പി സ്കൂളിലെ ക്ലാസുകള്‍ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തില്‍ തന്നെ. കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീനാരായണപുരം വാര്‍ഡില്‍ വരുന്ന മൂലക്കര കഴിവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടമാണ് നൂറ്റാണ്ട് പഴക്കമുള്ളത്.
ടൈല്‍സിട്ട ക്ലാസുമുറികളും കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടവും ശാസ്ത്രത്തിനും മറ്റും വിഷയങ്ങള്‍ക്കും പ്രത്യേക മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ പഠനത്തിന് ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളോടുകൂടി പഠനം മെച്ചപ്പെടുത്താന്‍ സ്കൂള്‍ കെട്ടിടങ്ങള്‍ സ്മാര്‍ട്ടാവുമ്പോഴാണ് നൂറ്റാണ്ട് പിന്നിട്ട സ്കൂള്‍ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
15 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടത്തില്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. സ്കൂളില്‍ പ്രീ പ്രൈമറിയില്‍ 31 കുട്ടികള്‍ പഠിക്കുമ്പോള്‍ ഒന്നുമുതല്‍ അഞ്ചുവരെ 40 കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ക്കാവശ്യമുളള ഒരു സൗകര്യവും ഈ സ്കൂളില്‍ സജ്ജമാക്കിയിട്ടില്ല. തുടക്കത്തില്‍ കെട്ടിടത്തില്‍ മേഞ്ഞിരുന്ന ഓടുകള്‍ പൊട്ടിതകര്ന്നതോടെ തകരഷീറ്റ് സ്ഥാപിച്ചാണ് ഇപ്പോള്‍ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. പഴക്കുളള കഴുക്കോലുകള്‍ മാറ്റാത്തതിനാല്‍ പലതും കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച നിലയിലാണ്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിളളലുകളുണ്ട്. ഒറ്റമുറി കെട്ടിടത്തെ തടിമറയുപയോഗിച്ചാണ് അഞ്ച് ക്ലാസ്മുറികളും തിരിച്ചിട്ടുളളത്. കുട്ടികള്‍ക്കുളള ബെഞ്ചുകള്‍ ഇപ്പോഴും പഴയകാലത്തുളളവ തന്നെ. കംപ്യൂട്ടര്‍ ഉണ്ടെങ്കിലും ലാബായി സജ്ജീകരിക്കാനുളള ഇടമില്ല. അധ്യാപകര്‍ക്കുളള സ്റ്റാഫ് റൂമും ഇവിടെയില്ല പ്രീപ്രൈമറി ക്ലാസുള്ള ഈ സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കില്ല. കളിയുപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു.
കുടിവെള്ളത്തിന് സ്കൂളില്‍ നിര്‍മിച്ചിരുന്ന കിണര്‍ നശിച്ചതോടെ വര്‍ഷങ്ങളായി പുറത്ത് നിന്ന് തലച്ചുമടായിട്ടാണ് കുടിവെളളമെത്തിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ ആഹാരം പാകം ചെയ്യുന്നത് സ്ഥലപരിമിതി കുറഞ്ഞ കെട്ടിടത്തിലാണ്. മാലിനജലം ഒഴുക്കി വിടാനുള്ള സൗകര്യവും ഇവിടെയില്ല.
സ്കൂള്‍ കവാടത്തിന് മുന്നിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാന്‍ രണ്ട് ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുളളത്. അതാവട്ടെ പ്രാക്യതാവസ്ഥയിലാണ്. ഇവിടെ കളിസ്ഥലമില്ലാത്തതിനാല്‍ ക്ലാസ് മുറികളാണ് ഇവരുടെ കളിക്കളം. കൃഷിക്കാരുടെയും കൂലിപണിക്കാരുടെയും മക്കളാണ് ഇവിടെ അധികവും പഠിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ രണ്ട് നിലയുളള കെട്ടിടം നിര്‍മിച്ച് തരണമെന്നാണ് നാട്ടുകാരും സ്കൂളധികൃതരും പിടിഎ ഭാരവാഹികളും ആവശ്യപ്പെടുന്നത്. കോട്ടുകാല്‍ പഞ്ചായത്തധികൃതര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും നിരന്തരം നിവേദനം നല്‍കിയിട്ടും ഇതുവരെയും നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും പിടിഎ ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: