ഡോ. മുരളീധരന് നായര്‍
ആയുര്‍വേദം മനുഷ്യന്റെ മനഃശ്ശരീരപ്രാണങ്ങള്ക്ക് അമിതമായ ഒരു ദോഷവും വരുത്തുന്നില്ല. ആരോഗ്യത്തിനും തദ്വാരാ, ആയുസ്സിനും ഉന്മേഷത്തിനും അമൃതപ്രോക്തമായ ഔഷധങ്ങളും വിധികളും കൃത്യമായ നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ, പാര്‍ശ്വഫലങ്ങളില്ലാത്തവിധം നിര്‍മിച്ചു രോഗികളില്‍ പ്രയോഗിച്ചു രോഗശാന്തി വരുത്തിയശേഷമാണ്, വാക്ഭടാചാര്യരും ചരക ശുശ്രുതന്മാരും അവ സ്വരൂപിച്ചെഴുതി വെച്ചത്. അല്ലാതെ പാശ്ചാത്യ മരുന്നുകളെപ്പോലെ പാര്‍ശ്വഫലം കാരണം ഒരു രോഗം ഭേദമാകുമ്പോള്‍ മറ്റു രണ്ടു രോഗങ്ങള്‍ക്ക് ബീജാവാപം നടത്തുന്ന ആധുനിക രാസവസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്നവയല്ല ആയുവേദ മരുന്നുകള്‍. കെമിക്കല്‍ മരുന്നുകള്‍ ഏതുതന്നെയായാലും അവയില്‍ പാര്ശ്വഫലരഹിതമായവ ഇല്ല എന്ന ഉത്തമബോദ്ധ്യം വന്നുതുടങ്ങിയതോടെയാണ് ജനം ആയുര്‍വേദത്തിലേക്കും ഹോമിയോപതിയിലേക്കും മറ്റും തിരിയുന്നത്.
നിര്‍ഭാഗ്യമെന്നു പറയട്ടെ, വനനശീകരണം മൂലം സഹ്യപര്‍വതപാര്‍ശ്വങ്ങളില്‍ ഔഷധഫലങ്ങള്‍ ഇന്ന് അന്യമായിരിക്കുന്നു. അവിടെയെങ്ങും ഗുണമുള്ള നല്ല പച്ചമരുന്നുകള്‍ പലതും ലഭ്യമല്ലാതായിരിക്കുന്നു. കുറുന്തോട്ടി എന്ന അത്ഭുത, വാതരോഗ ഔഷധസസ്യം പോലും എങ്ങും കാണാനേയില്ല. ഒരു 50-60 വര്‍ഷങ്ങള്‍ക്കു മുന്‍പ് പറമ്പുകളില്‍ യഥേഷ്ടം കണ്ടിരുന്ന പല ദിവ്യ ഔഷധചെടികളൊന്നും ഇന്നില്ല. ആന്ധ്ര, ഹരിയാന എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് അവ ഗുണമേന്മയില്ലാതെ വരുന്നത്.
അവ ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങളുടെ ഗുണനിലവാരം പറയേണ്ടതില്ലല്ലോ. കൂടാതെ വാണിജ്യപ്രധാനമായ ഔഷധ നിര്‍മാണവിധികള്‍ ആയുര്‍വേദത്തിന്റെ പവിത്രതയെ മാറ്റി മറിക്കും വിധത്തിലാണുള്ളത്. അതുകൊണ്ടാകാം പഴയകാലത്തെപ്പോലെ ഔഷധഗുണവും വീര്യവും ഇന്ന് അവയ്ക്ക് ലഭിക്കാതെ പോകുന്നതും. കൂടാതെ കഠിന, മിത, പഥ്യമായാലും അവ നിര്‍ദ്ദേശിക്കുന്നതും, പാലിക്കുന്നതും കുറവാണ്. ആയുര്‍വേദ ഔഷധങ്ങള്‍ സസ്യജന്യമായതിനാല് അവ നമ്മുടെ ദഹനേന്ദ്രിയങ്ങളില്കൂടി സ്വാംശീകരിച്ച്, ബാക്കിവരുന്നവ വിസര്‍ജ്യമായി പുറന്തള്ളപ്പെടുന്നു.
പക്ഷെ Chemical Drugs ഒരിക്കലും വിസര്‍ജിക്കാതെ കരളിലും വൃക്കകളിലുമായി അടിഞ്ഞു കൂടി, പാര്‍ശ്വഫലങ്ങള്‍ കരള്‍, വൃക്ക രോഗങ്ങളായി ആരോഗ്യത്തിനു ഹാനികരമാകുന്നു എന്നതാണ് സത്യം.
കൂടാതെ ആയുര്‍വേദ ചികിത്സ ഓരോ വ്യക്തിയുടെയും ത്രിദോഷ പ്രകൃതിക്കനുസൃതമായാണ് നിര്‍ദ്ദേശിക്കുന്നത്. ഏതു വ്യക്തിയും വാത, പിത്ത, കഫ, ദോഷങ്ങളില്‍ ഒന്നിന്റെ ആധിക്യ പ്രകൃതിയില്‍പ്പെട്ട ആളാകും. അതനുസരിച്ചു ആ വ്യക്തിയുടെ രുചിയിലും മറ്റും മാറ്റംവരും. അതൊക്കെ കണ്ടെത്തിയാണ് ചികിത്സനിര്‍ണയിക്കുന്നത്.
ഈയിടെ ഒരു സംവാദ വേദിയില്‍, ഒരു ആയുര്‍വേദ ഡോക്ടര്‍, ത്രിദോഷത്തിലല്ല, നാലും അഞ്ചും ദോഷത്തിലാണ് ചികിത്സിക്കുന്നത് എന്ന് പറയുന്നത് കേട്ടു. ആയുര്‍വേദം കൃത്യമായി ത്രിദോഷസംബന്ധിയാണ്. അതല്ലാതെ നാലും അഞ്ചും ഒന്നുമില്ല തന്നെ. അത് ഉണ്ടാക്കാനും പ്രയാസമാകും.
ശരീരം പഞ്ചകോശ സംബന്ധിമാത്രമാണ്. അതില്‍ അന്നമയകോശം എന്ന ഭൂമി (സ്വശരീര) തത്വവും കഫദോഷ സംബന്ധിയായ ജലതത്ത്വവും, പ്രാണനെന്ന വാത (വായു ) തത്വവും ജഠരാഗ്നിമുതല് സര്‍വ ഊര്‍ജവും പിത്ത ദോഷവും ചേര്‍ന്നതാണല്ലോ? കരള്‍ ഉത്പാദിപ്പിക്കുന്ന ബൈല്‍ എന്ന ദഹനരസത്തെ പിത്തരസം എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അപ്പോള്‍ എവിടെയാണ് നാലും അഞ്ചും ദോഷങ്ങള്‍. അങ്ങനെ യാതൊന്നും ഫലത്തില്‍ ഇല്ല തന്നെ.
‘രോഗാത് ദോഷ വൈകല്യം
ദോഷ സൗമ്യം അരോഗത’
എന്ന് പ്രമാണം. അതായത് ത്രിദോഷ സൗമ്യത, ആരോഗ്യവും അതിന്റെ വൈകല്യം രോഗവും എന്നര്‍ത്ഥം.
പണ്ടൊക്കെ പ്രധാനപ്പെട്ട ആയുര്‍വേദ ചികിത്സകള്‍ നടത്തുമ്പോള്‍ രോഗിയുടെ ജന്മനാള് നോക്കി ഗണിച്ച് ശുഭകാലം നോക്കിയാണ് ചെയ്യാറ്. ഇന്നതൊക്കെയും അന്ധവിശ്വാസമെന്ന നിലയില്‍ തള്ളപ്പെട്ടു. പക്ഷെ അതിനൊക്കെയും അതിന്റേതായ ഗുണവും ഉണ്ടായിരുന്നു. മുമ്പ് പല പ്രധാന ചികിത്സകളും യുക്തമായ ഋതുക്കള്‍ നോക്കിയേ ചെയ്യൂ. ഇന്ന് അതൊന്നും എങ്ങുമില്ല. ഇന്നത്തെ ഭയാനക രോഗമായ കാന്‍സര്‍ (അര്‍ബുദം) പഴയകാലത്തു ചികിത്സിച്ചു മാറ്റിയിരുന്നു. ഇപ്പോള്‍ അതിന്റെ പച്ചമരുന്ന് കിട്ടാനേയില്ല.
ഇന്ന് ആയുര്‍വേദ ചികിത്സയിലെ പോരായ്മയെന്നു പറയാവുന്നത് ഫലപ്രദമായ ഒരു ശസ്ത്രക്രിയാപദ്ധതിയും ആധുനിക രോഗനിര്‍ണയത്തിനുള്ള ഇലട്രോണിക് യന്ത്രസംവിധാനവും അതിലില്ല എന്നതു മാത്രമാണ്. അതൊഴിവാക്കിയാല്‍ സാധാരണ ചികിത്സാരീതിയില്‍ ആയുര്‍വേദം മികച്ചതാണ്. മനുഷ്യര്‍ ക്ഷമയില്ലാത്തവിധം മാറിയ സാഹചര്യത്തില്‍ രോഗശമനം പൂര്ണമാകാന് കാലതാമാസം വരുമെന്നതും ഒരു പ്രശ്നമാകുന്നു. പക്ഷെ ശരീരത്തിന് ഏറ്റവും യുക്തമായയൊരു ചികിത്സ എന്നതില്‍ പക്ഷാന്തരമില്ല.
ആയുര്‍വേദം പൂര്വജന്മങ്ങളെയും അതിലെ പാപ, പുണ്യങ്ങളെയും ഈ ജന്മത്തില് അവയ്ക്കുള്ള സ്വാധീനത്തെയും വ്യക്തമായി അംഗീകരിക്കുന്നു എന്നതിന് താഴെക്കൊടുക്കുന്ന ശ്ലോകം ദൃഷ്ടാന്തമാകുന്നു.
‘ജന്മാന്തര കൃതം പാപം
വ്യാധിരൂപേന ജായതേ’
ഗീതയില്‍ ഭഗവാന് കൃഷ്ണന് അര്ജുനനോട് പറയുന്നുണ്ടല്ലോ നമ്മള് പഴയ വസ്ത്രമുപേക്ഷിച്ചു പുതു വസ്ത്രം ധരിക്കുന്നതു പോലെ പഴകിയ ദേഹം ഉപേക്ഷിച്ചു ജീവന് പുതിയത് സ്വീകരിക്കുന്നു എന്ന്. മനോമയ, പ്രാണമയ കോശങ്ങളടങ്ങിയ സൂക്ഷ്മശരീരം പഴകിയ ജീര്‍ണശരീരം ഉപേക്ഷിച്ച് പുതിയൊരു ശരീരം സ്വീകരിക്കുന്നു. അപ്പോള്‍ അതില്‍, പഴയ പ്രാണ ശരീരത്തില്‍ ആ പാപപുണ്യ ഫലങ്ങളും നിലനില്‍ക്കുമല്ലോ? അതാണ് ജന്മാന്താരപാപം എന്ന് വിശേഷിപ്പിക്കുന്നതും അത് വ്യാധിയായി വരുമെന്നു പറയുന്നതും.
പാപം എന്നാല്‍ ദുഷ്പ്രവൃത്തി എന്നര്‍ത്ഥം ഗ്രഹിക്കാം. കഠിനാധ്വാനം ചെയ്തു ശരീരത്തെ ഭക്ഷണത്തിലൂടെ പോഷിപ്പിക്കാതിരിക്കുമ്പോള് ക്ഷയരോഗം വരാം. അതും പാപഫലമാണ്. അങ്ങനെ ഈ ജന്മത്തില് മാത്രമല്ല കഴിഞ്ഞ ജന്മങ്ങളില് അനുഭവിച്ചു തീരാത്ത പാപങ്ങള്‍ മാറാപ്പു പോലെ നമ്മോടൊപ്പം നിലനില്‍ക്കുന്നമെന്ന് സാരം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: