പാലക്കാട്: പുതുശേരി പഞ്ചായത്ത് പാടശേഖര കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ കൃഷിഭവന്റെ കീഴില്‍ ലക്ഷങ്ങളുടെ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്തു നശിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍.
പഞ്ചായത്ത് കോമ്പൗണ്ടില്‍ തന്നെയുള്ള ഷെഡ്ഡിലാണ് കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ നശിക്കുന്നത്. ഇതു സംബന്ധിച്ച് ജന്മഭൂമി യില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നല്കിയ പരാതി പ്രകാരം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പഞ്ചായത്ത് ഡെ. ഡയറക്ടര്‍ക്കും ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഏഴു മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് പോലും കിട്ടിയിട്ടില്ലെന്നാണ് കളക്ടറുടെ ഓഫീസില്‍ നിന്ന് അറിയാന്‍ സാധിച്ചത്. പരാതി സെല്ലില്‍ നിന്നും അന്വേഷണം നടത്തുന്നതിന് അയക്കുന്ന പരാതികളില്‍ സമയബന്ധിതമായി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവില്‍ പരാമര്‍ശമുണ്ടെങ്കിലും ഇവിടെ അതൊന്നും നടപ്പാക്കാറില്ലെന്നും ആരോപണമുണ്ട്.
മുന്‍ ഭരണസമിതിയുടെ കാലത്ത് ഏതാണ്ട് 35 ലക്ഷം രൂപയോളം മുടക്കി പുതുശേരി പഞ്ചായത്ത് വാങ്ങിയതാണ് ഈ കാര്‍ഷിക ഉപകരണങ്ങള്‍. ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇപ്പോള്‍ പൂര്‍ണമായും തുരുമ്പെടുത്തു നശിച്ചു തുടങ്ങിയ അവസ്ഥയിലാണിവ. ഇനിയിത് ആക്രി വില പ്രകാരം തൂക്കി വില്ക്കാനേ സാധിക്കൂ എന്നാണ് പഞ്ചായത്ത് പ്രസിഡന്റും അഭിപ്രായപ്പെടുന്നത്. ദീര്‍ഘവീക്ഷണമില്ലാതെ ഇതുപോലെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കി നികുതിപ്പണം പാഴാക്കുന്നതിന് ഇടവരുത്തിയ ഉദ്യോഗസ്ഥ, ഭരണ പ്രതിനിധികളില്‍ നിന്ന് നഷ്ടസംഖ്യ തിരിച്ചുപിടിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: