മുംബയ്: വേര്‍പിരിഞ്ഞ താമസിക്കുന്ന പശ്ചാത്തലത്തില്‍ ഭാര്യക്ക് വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനടക്കം മാസം 50000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന് മജിസ്ട്രേറ്റ് കോടതി വ്യവസായിക്ക് നിര്‍ദ്ദേശം നല്കി. മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വളര്‍ത്തുമൃഗങ്ങള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു.
നായ്ക്കളുടെ സംരക്ഷണം പരിഗണിക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ വാദം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമല്‍സിംഗ് രാജ്പുത് നിരസിച്ചു.
ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തതിന് ശേഷം ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട യുവതി തനിക്ക് വരുമാന മാര്‍ഗമില്ലെന്നും അസുഖമുണ്ടെന്നും മൂന്ന് റോട്ട്വീലര് നായ്ക്കള്‍ തന്നെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
അതേസമയം ഭര്‍ത്താവിന് ബിസിനസില്‍ നഷ്ടം സംഭവിച്ചതായി അനുമാനിക്കാന്‍ ഒരു വസ്തുക്കളും ഹാജരാക്കിയിട്ടില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ഭര്‍ത്താവിന് അത്തരത്തിലുള്ള എന്തെങ്കിലും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കുകയാണെങ്കില്‍പ്പോലും, ബാധ്യത നിരസിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2021-ലാണ് യുവതി കോടതിയെ സമീപിച്ചത്. വിദേശത്ത് താമസിക്കുന്ന ഭര്‍ത്താവില്‍ തനിക്ക് രണ്ട് പെണ്മക്കളുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
വിവാഹജീവിതത്തിനിടയില്‍ ഭര്‍ത്താവ് പല വിധത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ നടത്തിയെന്ന് യുവതിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. 70,000 രൂപ ഇടക്കാല ജീവനാംശമാണ് യുവതി ആവശ്യപ്പെട്ടത്. അതേസമയം താന്‍ ഗാര്‍ഹിക പീഡനത്തിന് നടത്തിയിയിട്ടില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടുപോയതെന്നും വാദമുയര്‍ത്തി. യുവതി പറയുന്നതുപോലെ തനിക്ക് വരുമാനമാര്‍ഗമില്ലെന്നും ബിസിനസില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: