കോഴഞ്ചേരി: അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തി. വ്യാഴാഴ്ച രാത്രി നാലമ്പല വാതില്‍ പൊളിച്ച് ശ്രീകോവിലിന് മുമ്പിലും മണ്ഡപത്തിന് സമീപവുമുളള വഞ്ചികള്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.
വെളളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ക്ഷേത്രം തുറക്കാനെത്തിയ ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ തെക്ക നടയിലെ വാതില്‍ തുറക്കാനായെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിലെ വിളക്കുകള്‍ തുടയ്‌ക്കാനുപയോഗിക്കുന്ന തുണികള്‍ സൂക്ഷിച്ചിരുന്ന കട്ടിളപ്പടിക്ക് താഴെ വീണ് കിടക്കുന്നതും കണ്ട ഉടന്‍ ദേവസ്വം സ്ഥിരം ജീവനക്കാരനായ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.എസ്.രാമചന്ദ്രന് വിവരം കൈമാറിയതിനെ തുടര്‍ന്ന് കോയിപ്രം പോലീസില്‍ വിവരമറിയിച്ചു.
എസ്.എച്ച്.ഒ സനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ക്ഷേത്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് വിലക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തെക്കെ നടയിലെ വാതിലില്‍ പതിപ്പിച്ചിരുന്ന മണിയില്‍ തുണി കെട്ടിയ നിലയിലും വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലും കണ്ടു. പൂട്ട് തകര്‍ക്കുമ്പോള്‍ മണിയുടെ ശബ്ദം കേള്‍ക്കാതിരിക്കാനാണ് മണിയില്‍ തുണി കെട്ടിയതെന്നാണ് നിഗമനം.
ക്ഷേത്രത്തിന് ഉളളില്‍ നടത്തിയ പരിശോധനയില്‍ ശ്രീകോവിലിനും മണ്ഡപത്തിനും മുമ്പിലുളള കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന നിലയിലും നാണയത്തുട്ടുകള്‍ വഞ്ചിക്കരികിലും ക്ഷേത്രത്തിന്റെ കിഴക്ക് വടക്ക് ഭാഗത്തെ രക്ഷസ് നടയുടെ വടക്ക് ഭാഗത്തും ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് ഭാഗത്തേക്കുളള തോടിന് സമീപം കവറില്‍ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലും ദേവസ്വം ഓഫീസിന്റെ കതകും പൊളിച്ച നിലയിലും കണ്ടെത്തി.
കോയിപ്രം എസ്.എച്ച്.ഓ. യുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം രൂപവത്ക്കരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: