ചാലക്കുടി: നാല് പതിറ്റാണ്ടിലധികം താമസിച്ച സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍. തിരുമുടിക്കുന്ന് പയ്യപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ മക്കളായ റോസി, മേരി, എല്‍സി, ലിസി എന്നിവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഇവരുടെ ബന്ധു ഇരിഞ്ഞാലക്കുട മുന്‍സിഫ് കോടതിയില്‍ നല്കിയ കേസിനെ തുടര്‍ന്ന് ഈ മാസം 18 ന് ഇവര്‍ താമസിക്കുന്ന ഷീറ്റ് മേഞ്ഞ ചെറിയ വീട് അടക്കം 17 പേര്‍ക്കായി ഭാഗം വെക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
സ്വന്തം അച്ഛന് പണം കൊടുത്ത് സ്ഥലം വാങ്ങിയതിന്റെ എല്ലാ രേഖകളും ഇവരുടെ കൈവശം ഉള്ളപ്പോഴാണ് ഒരു രേഖയുമില്ലാത്ത ബന്ധുവിനടക്കം സ്ഥലം പങ്കുവെച്ച് കൊടുക്കേണ്ടി വരുന്നത്. പാവങ്ങളായ ഈ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാത്തതാണ് ഇവരുടെ ഗതികേട്. ആകെയുള്ള ഈ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ പിന്നെ മരണം മാത്രമേ തങ്ങളുടെ മുന്നിലുള്ളുവെന്ന് സഹോദരിമാര്‍ പറയുന്നു. ഇതില്‍ മേരി കുറച്ചുനാളുകളായി അസുഖബാധിത കൂടിയാണ്.
ഇവരുടെ അച്ഛന് കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവര്‍ നിയമ പോരാട്ടത്തിലാണ്. ഇതിനിടയില്‍ കുഞ്ഞുവറീതും ഭാര്യയും ഇവരുടെ ഒരു മകളും മരിച്ചു. വല്ലപ്പോഴും കിട്ടുന്ന ചെറിയ കൂലിപ്പണിയെടുത്താണ് ഈ സഹോദരിമാര്‍ ജീവിക്കുന്നത്.
മറ്റൊരു വ്യക്തിക്ക് വിറ്റ സ്ഥലത്തിന് വരെ ഭാഗം വേണമെന്നെല്ലാമാണ് ഇവരുടെ ബന്ധു നല്കിയ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ. കയറിക്കിടക്കാന്‍ മറ്റൊരു ഇടമില്ലാത്ത ഈ പാവപ്പെട്ട സഹോദരിമാരെ സഹായിക്കുവാന്‍ ആരെങ്കിലും തയ്യാറാവണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഇല്ലാത്ത രേഖകള്‍ ഹാജരാക്കിയുമാണ് ഇവര്‍ക്കെതിരെ കേസ് നല്കിയ ബന്ധു നിയമ നടപടികളുമായി മൂന്നോട് പോകുന്നതെന്ന് പറയുന്നു.
നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ സ്ഥലം തട്ടിയെടുക്കാന്‍ ചില ഉന്നതരാണ് ഇവരുടെ ബന്ധുവിന് വേണ്ട ഒത്താശ നല്‍കിവരുന്നതെന്നും സഹോദരിമാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചാണ് കേസിനുള്ള രേഖകള്‍ കൈവശപ്പെടുത്തിയതെന്നും പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും സഹോദരങ്ങളായ റോസിയും എല്‍സിയും പരിതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: