ആലപ്പുഴ: കണക്ഷന് ചാര്‍ജ് ഇനത്തില്‍ വൈദ്യുതി ബോര്‍ഡ് കാലങ്ങളായി നടത്തിവരുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ആക്ഷേപം. നിലവില്‍ ഒരു ഫേസ് വെതര്‍ പ്രൂഫ് വൈദ്യുതി കണക്ഷന് നികുതികള്‍ ഒഴികെ 1740 രൂപയും പത്ത് കിലോ വാട്ട് വരെ കണക്ടഡ് ലോഡുള്ള മൂന്ന് ഫേസ് കണക്ഷന് 4220 രൂപയും 25 കിലോവാട്ട് വരെ 14420 രൂപയുമാണ് കണക്ഷന് ചാര്‍ജിനത്തില്‍ വാങ്ങുന്നത്. ഇതില്‍ ഒരു ഫേസ് വൈദ്യുതി കണക്ഷന് വൈദ്യുതി ബോര്‍ഡില്‍ നിന്നും നല്‍കുമെന്ന് ചെലവ്പട്ടികയില് പറഞ്ഞിരിക്കുന്ന ജിഐ വയര്‍, സ്ക്രൂകള്‍, ഫ്യൂസ് യൂണിറ്റ്, ഇന്സുലേഷന് ടേപ്പ്, വെതര്‍ പ്രൂഫ് വയര്‍ എന്നിവയില്‍ വെതര്‍ പ്രൂഫ് വയര്‍ മാത്രമാണ് നല്‍കുന്നത്.
എനര്‍ജി മീറ്റര്‍ വൈദ്യുതി ബോര്‍ഡ് സ്ഥാപിക്കുകയും അതിന് വാടകയും ഈടാക്കുന്നുണ്ട്. വൈദ്യുതി കണക്ഷനോടൊപ്പം വൈദ്യുതി ബോര്‍ഡില്‍ നിന്ന് നല്‍കാത്ത സാധനങ്ങളുടെ വിലയായി 265 രൂപയും സൂക്ഷിപ്പ് ചാര്‍ജ് ആയി 42 രൂപയും സംസ്ഥാന കേന്ദ്ര നികുതിയിനത്തില്‍ 48 രൂപയും അടക്കം 355 രൂപ ഒരു ഫേസ് കണക്ഷന് കാലങ്ങളായി വൈദ്യുതി ഉപഭോക്താക്കളെ ചൂഷണം ചെയ്തു വാങ്ങുകയാണെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
10 കിലോ വാട്ട് വരെയുള്ള മൂന്ന് ഫേസ് കണക്ഷന് കെഎസ്ഇബി നല്‍കാത്ത സാധനങ്ങള്‍ക്കും നല്‍കാത്ത സാധനങ്ങളുടെ സൂക്ഷിപ്പ് ചാര്‍ജ് ഇനത്തിലും നികുതി ഇനത്തിലുമായി 1563 രൂപയും അപഹരിച്ചു വാങ്ങുകയാണ്. 25 കിലോ വാട്ട് വരെയുള്ള മൂന്ന് ഫേസ് വൈദ്യുതി കണക്ഷന് നികുതികള്‍ ഇല്ലാതെ 14,420 രൂപയാണ് ഈടാക്കുന്നത്. ഈ കണക്ഷന് നല്‍കുന്നതിനുള്ള ചെലവ് പട്ടികയില്‍ പറഞ്ഞിരിക്കുന്ന കേബിള്‍ ഉപയോഗിച്ച് മൂന്ന്ഫേസ് മീറ്ററില്‍ ഉറപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ 10 കിലോ വാട്ട് വരെയുള്ള കണക്ഷന് കൊടുക്കുന്ന വയര്‍ ഉപയോഗിച്ചാണ് 25 കിലോ വാട്ട് വരെയുള്ള കണക് ഷനുകളും നല്കി വരുന്നത്.
ഈ ഇനത്തിലും 12000 രൂപയോളം ഉപഭോക്താക്കളില്‍ നിന്ന് അപഹരിച്ചു വാങ്ങുകയാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷനായി. മുന്‍ ജനറല്‍ സെക്രട്ടറി എം. മുജീബ് റഹ്മാന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: