കോട്ടയം : കോട്ടയത്ത് ലോറിയില്‍ നിന്നും വീണ കയറില്‍ കുരുങ്ങി കാല്‍നട യാത്രികന് മരിച്ചു. ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തി സ്വദേശി മുരളിയാണ്(50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ സംക്രാന്തിയിലാണ് അപകടം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയില്‍നിന്ന് അലക്ഷ്യമായി ഒരു കയര്‍ തൂങ്ങിക്കിടന്നിരുന്നു. ഈ കയര്‍ മുരളിയുടെ കാലില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് ലോറി മുരളിയെ നൂറ് മീറ്ററിലേറെ ദൂരം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. മുരളിയുടെ ഒരു കാല് അറ്റ നിലയിലായിരുന്നു.
ആദ്യം റോഡിന്റെ ഒരു സൈഡില്‍ നിന്നും ഒരു കാലും പിന്നീട് കുറച്ചകലെ നിന്നും മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇത് പല സംശയങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ മൃതദേഹം ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്. അപകത്തില്‍ ഒരു കാല് അറ്റ് പോവുകയായിരുന്നുവെന്നും പോലീസ് മനസ്സിലാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തത വരുത്തിയത്.
എന്നാല്‍ ലോറിയിലെ കയര്‍ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. അടുത്ത കടയില്‍ വാഹനം നിര്‍ത്തിയ ശേഷം കയര്‍ കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ ബൈക്കില്‍ കയര്‍ അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് സംക്രാന്തിയില്‍ എത്തിയ ഡ്രൈവറോട് നാട്ടുകാര്‍ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. ഇതോടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി ഗാന്ധിനഗര്‍ പോലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.
ഈ ലോറിയിലെ തന്നെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: