തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്‍ഡും ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്ല്യ വിതരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പിന് സമാനമായ രീതിയിലാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ അര്‍ഹമായ ആനുകൂല്ല്യം ലഭിക്കാതെ പോവുന്നത്. പ്ലസ് വണ്‍, പ്ലസ്ടു കോഴ്സിനുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ലംപ്സം ഗ്രാന്‍ഡും സ്റ്റൈപന്‍ഡും അടക്കം 8500 രൂപ വര്‍ഷത്തില്‍ കിട്ടേണ്ടതാണ്. എന്നാല്‍ രണ്ടര ലക്ഷം വിദ്യര്‍ത്ഥികള്‍ക്ക് ഇത് കിട്ടുന്നില്ല. പ്രൊഫഷണല്‍ രംഗത്തെ 40,000ത്തോളം വിദ്യര്‍ത്ഥികള്‍ക്ക് 12000 രൂപ വീതം ലഭിക്കാനുണ്ട്. എല്‍പി/ യുപി കുട്ടികള്‍ക്കും എസ്.സി എസ്.ടി ആനുകൂല്ല്യങ്ങള്‍ കിട്ടിയിട്ടില്ല. വര്‍ധിച്ച് വരുന്ന ചിലവുകളുടെ അടിസ്ഥാനത്തില്‍ പട്ടിക ജാതി-വര്‍ഗ വിദ്യര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ പരിഷ്ക്കരിക്കാന്‍ തയ്യാറാവുന്നതിന് പകരം അവരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും പി.സുധീര്‍ പറഞ്ഞു.
കേരളത്തില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളെ പടിയടച്ച് പിണ്ഡം വെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ പട്ടികജാതി വിദ്യര്‍ത്ഥികളുടെ കൊഴിഞ്ഞുപ്പോക്ക് വ്യാപകമാണ്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹചര്യം സംസ്ഥാനത്ത് ഇല്ല. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ക്കുള്ള സംവിധാനമില്ലാതെ രണ്ട് കുട്ടികള്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്. ആദിവാസി വിദ്യര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: