പാലക്കാട്: നാലമ്പല തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമലയില്‍ ശ്രീരാമ-ലക്ഷ്മണന്മാര്, കുഴല്‍മന്ദം പുല്‍പ്പൂരമന്ദം ഭരതക്ഷേത്രം, കുത്തനൂര്‍ കല്‍ക്കുളത്തെ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ രാമായണമാസത്തില്‍ നാലമ്പലദര്‍ശന പാത ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. മുക്കാല്‍ലക്ഷത്തോളം ഭക്തരാണ് കഴിഞ്ഞവര്‍ഷം നാലമ്പലദര്‍ശനം നടത്തിയത്.
നാല് ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ 20 കിലോമീറ്റര്‍ മാത്രം യാത്രചെയ്താല്‍ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ശ്രീരാമ – ലക്ഷ്മണനെയും ഹനുമാനെയും ദര്‍ശിക്കാവുന്നതാണ്. തിരുവില്വാമലയില്‍ നിന്ന് കോട്ടായി കുഴല്‍മന്ദം സിഎ സ്കൂള്‍ വഴിയെത്തി പുല്‍പ്പൂരമന്ദത്തെ ഭരതക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം 2 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കുളത്തെ ശത്രുഘ്നനെ തൊഴുത് തിരിച്ച് തിരുവില്വാമലയില്‍ വന്ന് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കാം. ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് കൊച്ചിന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്ശനന്, അംഗം പ്രേംരാജ് ചൂണ്ടലത്ത്, തിരുവില്വാമല ക്ഷേത്രം മാനേജര്‍ മനോജ് കെ. നായര്‍, പുല്‍പ്പൂരമന്ദം ക്ഷേത്രം സെക്രട്ടറി പി. രാമദാസ്, കല്‍ക്കുളം ശത്രുഘ്നക്ഷേത്രം സെക്രട്ടറി എം. വാസുദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ഈമാസം 17 മുതല്‍ ആഗസ്ത് 16 വരെ ഉച്ചയ്ക്ക് പ്രസാദ ഊട്ട്, കുടിവെള്ളം, ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: