ആലത്തൂര്‍: തൃപ്പാളൂരിലെ തൂക്കുപാലം പണി ഇഴയുന്നതിനാല്‍ പുള്ളോട്, തൃപ്പല്ലാവൂര്‍ ദേവസ്വം തൃപ്പാളൂര്‍ ശിവക്ഷേത്രപരിസരത്തെ ബലിതര്‍പ്പണ ചടങ്ങ് ഇത്തവണ ഒഴിവാക്കി. ബലിതര്‍പ്പണം നടക്കേണ്ട കടവുകളില്‍ തൂക്കുപാലം പണിയുടെ അവശിഷ്ടങ്ങള്‍ ഇട്ടിരിക്കുകയാണ്. മഴയായതിനാല്‍ കഴിഞ്ഞ ഒരുമാസമായി തൂക്കുപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂര്‍ തേനാരിപ്പറമ്പില്‍ നിന്നും ശിവക്ഷേത്രത്തിലേക്കാണ് അഞ്ചുകോടി രൂപ ചെലവില്‍ തൂക്കുപാലം നിര്‍മിക്കുന്നത്.
തൃപ്പാളൂരില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റി വേണം ശിവക്ഷേത്രത്തിലേക്കെത്താന്. തൂക്കുപാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ പ്രശ്നത്തിന് പരിഹാര മാവുമെന്ന പ്രതീക്ഷയാണുള്ളത്. അപ്രോച്ച് റോഡിന്റെ വികസനവും നാല് ഹൈമാസ്റ്റ് ലൈറ്റും 10 മിനിമാസ്റ്റ് ലൈറ്റും തൂക്കുപാലത്തിനൊപ്പമുണ്ടാവും. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരളയ്ക്കാണ് തൂക്കുപാലത്തിന്റെ നിര്‍മാണ ചുമതല. പദ്ധതിയുടെ മെല്ലെപ്പോക്ക് ആയിരക്കണക്കിന് ഭക്തരെയും ദേവസ്വത്തിന്റെ പ്രധാന വരുമാനമാര്‍ഗത്തെയും തടസപ്പെടുത്തും.
സാധാരണ ശിവരാത്രി, ദീപാവലി, കര്‍ക്കടകവാവ് ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി എത്തിച്ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: