കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമനം ചട്ടവിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധി. എഴുത്തു പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിചിത്രവിധി എന്നു പറയാം. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ഹൃഷികേശ് റോയ്, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചിന്റെ വിമര്‍ശനം.
പ്രത്യക്ഷത്തില്‍ തന്നെ ഏകപക്ഷീയമായ നടപടിയാണെന്നാണ് കോടതി വിലയിരുത്തല്‍. കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വ്വീസസ് സ്പെഷ്യല്‍ റൂള്‍സ് പ്രകാരം എഴുത്തു പരീക്ഷയുടെയും, വൈവയുടെയും ആകെ മാര്‍ക്കാണ് ജില്ലാജഡ്ജി നിയമനത്തില്‍ പരിഗണിക്കേണ്ടത്. വൈവയ്ക്ക് കട്ട്ഓഫ് മാര്‍ക്കുണ്ടെന്ന് നിയമന വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വൈവ നടത്തി കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച ഹൈക്കോടതി നടപടി, ചട്ടങ്ങളെ മറികടക്കുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് കണ്ടെത്തി. എന്നാല്‍ ചട്ടവിരുദ്ധമായി നിയമനം ലഭിച്ചവരെ പിരിച്ചുവിടാനാവില്ല എന്നാണ് പരമോന്നത കോടതി പറഞ്ഞത്. അതിന് കണ്ടെത്തിയ ന്യായമാണ് അന്യായം. ‘നിയമനം നല്കി ആറ് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ അവരെ പുറത്താക്കുന്നത് കടുത്ത നടപടിയാകും. ആറു വര്‍ഷത്തെ അനുഭവ പരിചയം നേടിയ ഈ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സേവനം ഉന്നത ജുഡീഷ്യറിക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും’ എന്നു പരമോന്നത കോടതിയുടെ ഭരണഘടനാ ബഞ്ച് പറയുമ്പോള്‍ നിയമവും നീതിയും എവിടെ?
ബലാല്സംഗക്കേസില പ്രതി പിന്നീട് കല്യാണം കഴിച്ച് കുട്ടിയുണ്ടായതിനാല്‍ കുട്ടിയുടെ കാര്യം ഓര്‍ത്ത് പ്രതിയെ ശിക്ഷിക്കാനാവില്ലന്നു പറയും പോലെയൊരു മുട്ടായുക്തി എന്നേ ഇതിനെ പറയാനാകു. സുപ്രീംകോടതി വിധിയാണ് രാജ്യത്തെ മറ്റെല്ലാ കോടതികള്‍ക്കും ആശ്രയം. അര്‍ഹതയില്ലാതിരുന്നിട്ടും ആറുവര്‍ഷം ജോലിചെയ്ത ജഡ്ജിമാര്‍ ചട്ടവിരുദ്ധമായി സര്‍വീസില്‍ കയറിയത് തുടരട്ടെ എന്നു പറയുന്നത് ദൂരവ്യാപകമായി ഏറെ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കാം. സുപ്രീം കോടതി വിധി കീഴ്വഴക്കമാക്കിയാല്‍ കുറച്ചു വര്‍ഷം പ്രാക്ടീസ് നടത്തിയാല്‍ വ്യാജ ഡോക്ടര്‍ക്ക് എംബിബിഎസ് ഡോക്ടര്‍ ആകാം. അനര്‍ഹമായി സര്‍വീസില്‍ കയറിയവരും താല്‍ക്കാലിക ജീവനക്കാരും സ്ഥിരം നിയമനത്തിന് നിയമപരമായി അര്‍ഹരാകും. ഇപ്പോള്‍ ജില്ലാ ജഡ്ജിമാരായി ഇരിക്കുന്നവര്‍ വഴിവിട്ടമാര്‍ഗ്ഗത്തിലാണ് ആ സ്ഥാനത്ത് എത്തിയതെന്ന് സുപ്രീം കോടതി തന്നെ പറയുമ്പോള്‍ അവര്‍ക്ക് തുടരാന്‍ ധാര്‍മ്മികതയുണ്ടോ എന്ന ചോദ്യവും ഉയരും.
സുപ്രീം കോടതി രൂക്ഷമായി ഹൈക്കോടതിയെ വിമര്‍ശിക്കുമ്പോഴും തെറ്റായ നടപടിയുടെ ദോഷഫലം അനുഭവിച്ചവര്‍ക്ക് നീതി നല്കാന് കഴിഞ്ഞില്ല എന്നതും ഏറെ പ്രധാനമാണ്. ഹൈക്കോടതി ഇഷ്ടക്കാരെ തിരുകി കയറ്റിയപ്പോള്‍ അവസരം നഷ്ടപ്പെട്ട് 10 പേരാണ് നീതിതേടി സുപ്രീംകോടതിയെ സമീപിച്ചത്. അവര്‍ പറഞ്ഞതെല്ലാം ശരിയെന്നു സമ്മതിച്ച കോടതി അവരെ നിയമിക്കാന്‍ പറയാതിരുന്നതിലെ ന്യായവും നീതിയും ആര്‍ക്കും മനസ്സിലാകുമെന്ന് തോന്നുന്നില്ല. ആറു വര്‍ഷത്തെ കാലവിളംബമാണ് ആകെ പറയുന്നത്. കാലതാമസത്തിന് ഉത്തരവാദി സുപ്രീംകോടതി മാത്രമാണ്. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് ഹര്‍ജിക്കാരും. സുപ്രീംകോടതി കേസ് എടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ഹര്‍ജിക്കാരനെ ശിക്ഷിക്കാനാകുമോ. റാങ്ക്ലിസ്റ്റ് വന്നയുടന്‍ പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതാണ്. കുര്യന് ജോസഫിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിഷയം ഭരണഘടനാ ബഞ്ചിനു വിട്ടത്. കുര്യനു തീര്‍പ്പാക്കാമായിരുന്ന വിഷയം പഠിച്ചില്ല എന്നു തോന്നുന്നു എന്ന് ചിഫ് ജസ്റ്റീസ് വാദത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു. ഭരണഘടനാ ബഞ്ചില്‍ എത്തിയിട്ടും മാറി മാറി വന്ന 5 ജഡ്ജിമാര്‍ കേസ് മാറ്റിക്കൊണ്ടു പോകുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മുന്നിലും മൂന്നാം തവണയാണ് കേസ് എത്തിയത്. കേസു തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ആറു വര്‍ഷത്തെ താമസം വരുത്തിയതു കൊണ്ട് നിയമവിരുദ്ധമായി നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാര്‍ക്ക് ആറു വര്‍ഷത്തെ പ്രവൃത്തിപരിചയം കിട്ടി.
അര്‍ഹതയുള്ള നിയമനം ഉറപ്പാക്കാനാണല്ലോ അവര്‍ പരമോന്നതകോടതിയുടെ കരുണ തേടിയത്. ഹൈക്കോടതി ചെയ്തത് തെറ്റ് എന്നു വിധിച്ചതുകൊണ്ട് അവര്‍ക്കെന്തു നേട്ടം. ജുഡീഷ്യറിയില്‍ അവര്‍ക്കൊക്കെയുള്ള വിശ്വാസം കൂടിയാണ് വിചിത്ര വിധിയിലൂടെ ഭരണഘടനാബെഞ്ച് തകര്‍ത്തത്.
നിയമ പരിജ്ഞാനം ഇല്ലാത്തവര്‍ക്കുപോലും ഒറ്റ നോട്ടത്തില്‍ മനസ്സിലാകാവുന്നതായിരുന്നു 2017 ലെ ജില്ലാ ജഡ്ജി നിയമനത്തിലെ ക്രമക്കേട്.എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ ആറു പേരില്‍ അഞ്ചും റാങ്ക് ലിസ്റ്റില്‍നിന്ന് പുറത്തായി. ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ നാലുപേര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വൈവോസി പരീക്ഷയില്‍ ക്രിത്രിമം കാട്ടിയാണിത്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗം, മുസ്ലീം, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് ആരേയും തെരഞ്ഞെടുത്തില്ല. മൂന്ന് ഈഴവര്‍ക്ക് അവസരമുണ്ടെന്നിരിക്കെ എടുത്തത് ഒരാളെമാത്രം. 22 പേരുടെ ഒഴിവുണ്ടായിരുന്നിട്ട് 10 പേരെയാണ് എടുത്തത്. ഇതില്‍ രണ്ടു പേര്‍മാത്രമാണ് സംവരണ വിഭാഗത്തില്‍ നിന്നുള്ളത്.
അഭിഭാഷകരില്‍നിന്ന് ജില്ലാ ജഡ്ജിമാരെ നേരിട്ട് നിയമിക്കാനുള്ള അപേക്ഷ ഹൈക്കോടതി ക്ഷണിച്ചത് 2015ലാണ്. 764 പേര് അപേക്ഷിച്ചതില്‍ 469 പേര് പരീക്ഷ എഴുതി. 300 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 50 മാര്‍ക്കിന്റെ വൈവോസിയുമാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എഴുത്തുപരീക്ഷയില്‍ 150 മാര്‍ക്ക് കിട്ടുന്നവര്‍ക്കായിരുന്നു വൈവോസിക്ക് അര്‍ഹത. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 120 മാര്‍ക്ക് മതി. എഴുത്തുപരീക്ഷ മാര്‍ക്കും വൈവോസി മാര്‍ക്കും കൂട്ടി കിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 34 പേരാണ് 150 മാര്‍ക്കിലധികം നേടിയത്. 149 മാര്‍ക്ക് കിട്ടിയ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയായിരുന്നു വൈവോസി. മുന്‍ വര്‍ഷങ്ങളില്‍ വൈവോസിക്ക് 20 മുതല്‍ 40 വരെ മാര്‍ക്കാണ് നല്‍കിയത്. മിനിമം മാര്‍ക്ക് നല്‍കണമെന്ന തത്വം അനുസരിച്ചായിരുന്നു ഇത്. ഇത്തവണ 29 പേര്‍ക്കും 20ല്‍ താഴെ മാര്‍ക്ക് നല്കി.
എഴുത്തു പരീക്ഷയില്‍ 149 മാര്‍ക്കുമായി പട്ടികയില്‍ അവസാന സ്ഥാനത്തെത്തിയ ആള്‍ക്ക്(റോയി വര്‍ഗീസ്) വൈവോസിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് (38) നല്കി. 149 മാര്ക്കുകാരനായ മറ്റൊരാള്‍ക്ക് (എന്‍ വിനോദ്കുമാര്‍) 32 മാര്‍ക്കും കൊടുത്തു. എന്നിട്ടും ഇവര്‍ റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിക്കില്ലാത്തതിനാല് ഏറ്റവും കൂടുതല്‍ മാര്‍ക്കുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കി. വൈവോസിയില്‍ വളരെകുറച്ച് മാത്രം മാര്‍ക്ക് നല്‍കിയാണ് ഇത് സാധ്യമായത്. എഴുത്തു പരീക്ഷയില്‍ 175 ല്‍ അധികം മാര്ക്കുണ്ടായിരുന്നത് നാലുപേര്‍ക്കാണ്. ഇതില്‍ 180.5 മാര്ക്കുകാരന് (വി വി പ്രതീഷ് കുറുപ്പ്) 10 ഉം 178.5 മാര്ക്കുകാരിയ്ക്ക് (എസ് ശ്രീകല) 13 ഉം 177 മാര്ക്കുകാരന് (കെ ജി സുനില്‍കുമാര്‍) 17ഉം മാര്‍ക്കുമാത്രമാണ് വൈവോസിക്ക് കൊടുത്തത്. എന്നിട്ടും ഇവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും 149 മാര്ക്കുകാരായിരുന്നവര് ഉള്‍പ്പെടാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് വൈവൊസിക്ക് മാര്‍ക്ക് കുറഞ്ഞു എന്നു പറഞ്ഞ് ഇവരെയെല്ലാം ഒഴിവാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. കുറഞ്ഞ മാര്‍ക്കുകാരെ ക്രമവിരുദ്ധമായി ഉള്‍പ്പെടുത്താനുള്ള ശ്രമം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരുടെ അവസരം നഷ്ടപ്പെടുത്തി എന്നുമാത്രമല്ല സംവരണം പൂര്‍ണമായി അട്ടിമറിക്കുകയും ചെയ്തു. രണ്ട് മുസ്ളിം, രണ്ട് പട്ടിക ജാതി, മൂന്ന് ഈഴവ ഉള്‍പ്പെടെ 12 പേരുടെ അവസരമാണ് ഇതോടെ നഷ്ടമായത്.
കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമനം മുന്‍പും വിവാദത്തിലായിട്ടുണ്ട്. 2011ല്‍ നടത്തിയ പരീക്ഷയില്‍ 10 മാര്‍ക്ക് മോഡറേഷന് നല്കി. മിനിമം മാര്‍ക്ക് കിട്ടാത്ത ചിലരെ ഉള്‍പ്പെടുത്താനായിരുന്നു ഇത്. ഹൈക്കോടതി നിയമനം നടത്തിയെങ്കിലും സുപ്രിംകോടതി അതുറദ്ദാക്കി. തുടര്‍ന്ന് ഒന്നരവര്‍ഷം ജഡ്ജിമാരായിരുന്ന നാലുപേര്‍ക്ക് പുറത്താകേണ്ട സാഹചര്യം ഉണ്ടായി. എന്നിട്ടും പഠിക്കാതെ ചട്ടവിരുദ്ധ പ്രവര്‍ത്തനം തുടരുകയാണ് ഹൈക്കോടതി. സാധാരണക്കാരുടെ ജുഡീഷ്യറിയിലെ വിശ്വാസ്യത പാതാളത്തിലാക്കുന്ന നടപടിക്ക് ആരു വിരാമം ഇടും.
കേരള ഹൈക്കോടതി നിയമ വിരുദ്ധമായി നിയമനം നല്കിയ അനര്‍ഹരായ ജില്ലാ ജഡ്ജിമാര്‍ നാളെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ എത്തും. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിലുള്ളവര്ക്ക് തന്നെ ഇതാണ് അവസ്ഥയെന്നാല്‍ സാധാരണക്കാരന്റെ കാര്യം എന്താകും. അതും സത്യവും നീതിയും തെളിവും മൊത്തം അന്യായക്കാരുടെ പക്ഷത്തായിട്ടും. അനീതി കണ്ടെത്തിയിട്ടും ആശ്വാസം തരുന്നില്ലെങ്കില്‍ എങ്ങിനെ നീതിപീഠമാകും. ഒരു നിവൃത്തിയുണ്ടെങ്കില്‍ കോടതിയില്‍ പോകാന്‍ പാടില്ല എന്ന ചിന്തയെ അരക്കിട്ടുറപ്പിക്കുന്നതാണ് ഭരണഘടനാബഞ്ചിന്റെ പുതിയവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: