ന്യൂദൽഹി: രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 15ന് യുഎഇ സന്ദർശിക്കും.സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ജൂലായ് 13,14 തീയതികളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേകക്ഷണപ്രകാരമാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുക. അതിന് ശേഷം മടക്കയാത്രയിലാണ് യുഎഇയില്‍ എത്തുക.
ഇന്ത്യയും യുഎഇയും ഫ്രാന്‍സും ചേര്‍ന്ന് ഒരു തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെട്ടിട്ടുണ്ട്. 2022ല്‍ ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടയിലാണ് ഈ മൂന്ന് രാജ്യങ്ങളും ഒരു തന്ത്രപ്രധാന പങ്കാളിത്തം ഉണ്ടാക്കാന്‍ ധാരണയായത്. കാലാവസ്ഥാ വ്യതിയാനം, ആണവ-സൗരോര്‍ജ്ജം, ജൈവവൈവിധ്യം എന്നീ മേഖലകളിലാണ് ഈ മൂന്ന് രാഷ്ട്രങ്ങളും ഇപ്പോള്‍ സഹകരിക്കുന്നത്. ഈ ത്രിരാഷ്ട്ര ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
.ഇന്ത്യ-യുഎഇ ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8.5 കോടി ഡോളറാണ്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും സുപ്രധാന പങ്കാളിത്തം അവലോകനം ചെയ്യുന്നതിനും സഹകരണമുള്ള എല്ലാ മേഖലകളിലും കൂടുതൽ ആഴത്തിൽ ബന്ധം സൃഷ്ടിക്കുന്നതിനുമുള്ള അവസരമാണെന്ന് വിനയ് ക്വാത്ര പറഞ്ഞു.
മ്യൂണിക്കിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റെ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: