പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ എലി. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. ഇന്നലെ പുലര്‍ച്ചെ 5.30ന് പാലക്കാട് ഡിപ്പോയില്‍ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിലാണ് എലിശല്യം ഉണ്ടായത്. പാലക്കാട് ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ട കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് യാത്രക്കാര്‍ക്കിടയിലൂടെ എലി ഓടിയത്. ഉടന്‍ ബസ് നിര്‍ത്തി എലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് യാത്രക്കാരുടെ ആവശ്യപ്രകാരം യാത്ര തുടര്‍ന്നു. തൃശൂര്‍ ഡിപ്പോയില്‍ എത്തിയ ശേഷം ഡ്രൈവറും, കണ്ടക്ടറും ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. എന്നാല്‍ ബോഡിയുടെ ഉള്‍ഭാഗം പൊളിച്ചുനോക്കേണ്ടതിനാല് പാലക്കാട് ഡിപ്പോയില്‍തന്നെ എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാലക്കാടെത്തിച്ച ബസിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. തുടര്‍ന്ന് താത്ക്കാലിക പരിഹാരമെന്നോണം വണ്ടിയില്‍ മരുന്നടിക്കുകയും ചെയ്തു.
ബസിന്റെ സീറ്റുകള്‍ക്കടിയിലെ ഭാഗങ്ങളും മറ്റും എലി കടിച്ചിട്ട നിലയിലാണ്. എലിപ്പനിമരണം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിലെ എലികളുടെ വിളയാട്ടം.
പാലക്കാട് ഡിപ്പോയിലെ ഗാരേജ് എലികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള മണ്ണും, മാലിന്യങ്ങളും നീക്കംചെയ്യാത്തതിനാല്‍ നൂറുകണക്കിന് എലികളുടെ ആവാസകേന്ദ്രമാണിവിടം. മാത്രമല്ല നിരവധി ജീവനക്കാര്‍ക്ക് എലിയുടെ കടിയേല്‍ക്കുകയും, ബാഗുകളും, ഭക്ഷണസാധനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ പുതിയ ബസുകളുടെ ലക്ഷക്കണക്കിന് രൂപ വരുന്ന വയറിങുകളും എയര്‍ ഹോസുകളും കടിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടന്ന് ഗാരേജിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.
ഗാരേജിന് സമീപമുള്ള മണ്ണും മറ്റും ലേലം ചെയ്യാന്‍ അനുമതിയായതായി കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അഭിലാഷ് പറഞ്ഞു. അടുത്തദിവസം തന്നെ ടെണ്ടര്‍ ക്ഷണിച്ച് തുടര്‍ നടപടികളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: