ഹരി പെരുങ്കടവിള
പെരുങ്കടവിള: സ്വപ്നയെന്ന പത്താംതരക്കാരി മറ്റുള്ള കുട്ടികളെപ്പോലെ ഓടിച്ചാടി കളിച്ചും പഠിച്ചും കഴിയാന്‍ കൊതിക്കുകയാണ്. പക്ഷേ ഈ ചെറുപ്രായത്തിലേ ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസുമായി മുന്നോട്ട് പോകുകയാണ്. നെയ്യാറ്റിന്‍കര മാരായമുട്ടം ചുള്ളിയൂര്‍ സ്നേഹ ഭവനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ വിജയകുമാറിന്റെയും ഷീജയുടെയും ഇളയമകളാണ് സ്വപ്ന. മൂത്തയാള്‍ സ്നേഹ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. മാരായമുട്ടം ഗവ. എച്ച്എസ്എസില്‍ പഠനത്തില്‍ മിടുക്കിയായിരുന്ന സ്വപ്നയ്ക്ക് രണ്ട് വര്‍ഷം മുന്‍പ് തുടര്‍ച്ചയായി ഛര്‍ദിയും പനിയും വന്നപ്പോള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നടത്തിയ പരിശോധനകളിലാണ് കിഡ്നികള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സ ആരംഭിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അണുവിമുക്ത ശുചിമുറിയും സൗകര്യങ്ങളുമുള്ള സ്വകാര്യ സ്കൂളിലേക്ക് പഠനം മാറ്റുകയും ചെയ്തു. ഒപ്പം കുടുംബവും പരിചരണാര്ഥം സ്കൂളിനടുത്തേക്ക് വാടകയ്ക്ക് താമസമായി. ചികിത്സ തുടരുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ രോഗം മൂര്‍ച്ഛിച്ച് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ആരംഭിച്ചു. പത്താം കഌസിലിരുന്ന് പഠനം നടത്താന്‍ ഇതുവരെ സ്വപ്നയ്ക്കായിട്ടില്ല. ഇനി കിഡ്നി മാറ്റിവയ്ക്കലാണ് ഏകവഴിയെന്ന് ഡോക്ടര്‍മാരും വിധിയെഴുതിയിരിക്കുകയാണ്.
വാടകവീട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ വിജയകുമാറിനും ഷീജയ്ക്കും രണ്ട് പെണ്മക്കളുമായി സ്വന്തം വീട്ടില്‍ കഴിയണമെന്ന ആഗ്രഹം കൊണ്ട് എട്ടു സെന്റ് ഭൂമി വാങ്ങി വായ്പയെടുത്ത് വീട് വച്ചു. വായ്പാമുടക്കം വന്ന് ജപ്തി ഭീഷണിയുണ്ടായതോടെ ഷീജ മൂന്നുകൊല്ലം വിദേശത്ത് ജോലി ചെയ്ത് ആ കടം വീട്ടി കഴിഞ്ഞപ്പോഴാണ് വിധി മറ്റൊരു രൂപത്തില്‍ ഈ കുടുംബത്തിന് ശാപമായത്. പത്ത് ലക്ഷത്തോളം രൂപയുടെ ചെലവ് വരുന്ന കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഈ കുരുന്നിനെ സഹായിക്കണമെന്നാണ് സ്വപ്നയുടെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരും ആവശ്യപ്പെടുന്നത്. ഇതിനായി ഷീജയുടെ പേരില്‍ നെയ്യാറ്റിന്‍കര ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് നെയ്യാറ്റിന്‍കര ശാഖ അക്കൗണ്ട് നം. 14404100004629 ഐഎഫ്എസ്സി കോഡ്: എഫ്ഡിആര്‍എല്‍0001440. ഗൂഗിള്‍ പേ. 9995841468 ഫോണ്‍ നം. 9995841468.
പ്രതികരിക്കാൻ ഇവിടെ എഴുതുക: