ചാലക്കുടി: എസ്.ഐ. ആയും സൈബര്‍ സെല്‍ ഓഫീസറായും എത്തി മോഷണം നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി റൂറല്‍ പോലീസ്. ആളൂര്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി വന്ന എസ്.ഐ. ആണെന്നു പരിചയപ്പെടുത്തി കടയില്‍ നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറിനെ (36) യാണ് തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്‌ഗ്രെയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. മുമ്പും ഇയാള്‍ ഉയര്‍ന്ന പോലീസ് ഓഫീസറെന്ന് പരിചയപ്പെടുത്തി മോഷണം നടത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ കല്ലേറ്റുങ്കരയിലെ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരിയോട് ആളൂരില്‍ പുതുതായി ചാര്‍ജെടുത്ത എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തി. ഒരു മാസമായിട്ടുള്ളു വന്നിട്ടെന്നു പറഞ്ഞ് ഒരു ക്ലോക്ക് വാങ്ങി. ക്ലോക്ക് പായ്‌ക്ക് ചെയ്യുന്നതിനിടെ ജീവനക്കാരിയുടെ കണ്ണുവെട്ടിച്ച് ഇയാള്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നതും ഉടമസ്ഥയുടെയും വിലപിടിപ്പുള്ള ഫോണുകളുമായി കടക്കുകയായിരുന്നു. ക്ലോക്ക് കവറിലാക്കി തിരിഞ്ഞുനോക്കിയപ്പോള്‍ എസ്എ ആയി എത്തിയയാള്‍ സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയിലേക്കെത്തിയത്.
ഇയാള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ്. എറണാകുളം ഭാഗത്ത് ഇയാള്‍ തമ്പടിക്കാറുണ്ടെന്നറിഞ്ഞ പോലീസ് സംഘം രാത്രി മുതല്‍ ഇയാളെ തിരഞ്ഞിരുന്നു. കൊല്ലം അഞ്ചല്‍, എറണാകുളം ടൗണ്‍, നോര്‍ത്ത്, ആളൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇന്നലെ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച രണ്ടു മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ പോകുന്നതിനിടെ പോലീസിന്റെ കയ്യില്‍ പെട്ടതോടെ കള്ളനെ കളവുമുതലുമായി തന്നെ പിടിക്കാന്‍ പോലീസ് സംഘത്തിനായി.
എസ്.ഐ. ക്ലീസന്‍ തോമസ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്‍, പി.ആര്‍. അനൂപ്, സിപിഒ കെ.എസ്. ഉമേഷ്, കടവന്ത്ര പോലീസ് സ്‌ക്വാഡ് അംഗങ്ങളായ കെ.എല്‍. അനീഷ്, എന്‍.ബി. ദിലീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: