വാകത്താനം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അറക്കുളം മൂലമറ്റം അഭിലാഷ് ചന്ദ്രൻ (38) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വാകത്താനം സ്വദേശിയായ യുവാവിൽ നിന്നും ഓസ്ട്രേലിയയിൽ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 2,91,850 രൂപയും കൂടാതെ ഇയാളുടെ സുഹൃത്തുക്കൾക്കും വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവാവ് മുഖേനയും അല്ലാതെയും പലതവണകളായി ആറു ലക്ഷത്തിനാല്പതിനായിരം രൂപയും ഉൾപ്പെടെ മൊത്തം 9,31,850 രൂപ വാങ്ങിയശേഷം ഇയാൾ വിസ നൽകാതെയും പണം തിരികെ നൽകാതെയും യുവാവിനെയും സുഹൃത്തുക്കളെയും കബളിപ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ റെനീഷ് റ്റി.എസ്, സുനിൽ കെ.എസ്, സി.പി.ഓ മാരായ ജോഷി ജോസഫ്, ഫ്രാൻസിസ്, വിനോദ്, ലൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: