വിഖ്യാത ചിത്രകാരനായിരുന്ന രാജാ രവിവര്‍മയുടെ സ്മാരകം ജന്മദേശമായ കിളിമാനൂരില്‍ കാടുകയറിയും, മഴയില്‍ മേല്‍ക്കൂര ചോര്‍ന്നൊലിച്ചും മറ്റും നശിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. രാജാ രവിവര്‍മയ്‌ക്ക് ഉചിതമായ സ്മാരകത്തിനുവേണ്ടി കിളിമാനൂര്‍ രാജകുടുംബം പഞ്ചായത്തിന് വിട്ടുകൊടുത്ത ഒരേക്കര്‍ അറുപത് സെന്റ് സ്ഥലത്തെ സാംസ്‌കാരിക നിലയവും ആര്‍ട്ട് ഗ്യാലറിയുമാണ് അധികൃതരുടെ ക്രൂരമായ അനാസ്ഥയുടെ ഫലമായി നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഗ്യാലറിയിലെ രവിവര്‍മ വരച്ച നാല്‍പ്പത്തിയാറ് അപൂര്‍വചിത്രങ്ങള്‍ മഴവെള്ളം വീണതിനെത്തുടര്‍ന്ന് ഒരു മൂലയ്‌ക്ക് കൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയുന്നത് കലാസ്‌നേഹികള്‍ക്ക് ഹൃദയഭേദകമാണ്. മൂന്ന് നൂറ്റാണ്ടിനുശേഷവും ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു ചിത്രകാരനോടും, രചനാവൈഭവംകൊണ്ട് അന്നും ഇന്നും ആസ്വദിക്കപ്പെടുന്ന അത്യപൂര്‍വമായ ചിത്രങ്ങളോടും കാണിക്കുന്ന ഈ അവഗണനയെ വിമര്‍ശിക്കാന്‍ വാക്കുകളില്ല. ഈ സാംസ്‌കാരിക നിന്ദ മൂടിവയ്‌ക്കാന്‍ ആര്‍ട്ട് ഗ്യാലറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നറിയുമ്പോള്‍ കലാകേരളത്തിന്റെ ശിരസ്സ് ലജ്ജകൊണ്ട് കുനിഞ്ഞുപോകുന്നു. ഈ സാംസ്‌കാരിക നിലയത്തിന്റെ ചുമതലയുള്ള ലളിതകലാ അക്കാദമിയുടെ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് രാജാ രവിവര്‍മയോടും വിലമതിക്കാനാവാത്ത ചിത്രങ്ങളോടുമുള്ള തികഞ്ഞ അനാദരവിന്റെ പ്രതിഫലനമാണിത്.
നിലവില്‍ വന്ന് പത്ത് വര്‍ഷത്തിനകം രാജാ രവിവര്‍മ സ്മാരകം ഇങ്ങനെയൊരു ശോചനീയാവസ്ഥ നേരിടുകയാണെന്ന വിവരം വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’യാണ്. അതിശക്തമായ പ്രതിഷേധമാണ് സ്മാരകം നിര്‍മിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയ കിളിമാനൂര്‍ കൊട്ടാരത്തിന്റെയും, രാജാ രവിവര്‍മയുടെ മഹത്വം അറിയാവുന്ന ചിത്രകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. സാംസ്‌കാരിക നിലയത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും, രാജാ രവിവര്‍മയുടെ നൂറ്റിഎഴുപത്തിയഞ്ചാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ലളിതകലാ അക്കാദമി ചെയ്തിരിക്കുന്നത് അനീതിയാണെന്നും കിളിമാനൂര്‍ കൊട്ടാരം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാമവര്‍മ തമ്പുരാന്‍ പ്രതികരിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ പോലും അഭിനന്ദിച്ച രാജാ രവിവര്‍മയോട് അനാദരവ് കാട്ടിയതിന് ലളിതകലാ അക്കാദമി ലോകത്തോട് മാപ്പു പറയണമെന്ന് കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ദിവാകര വര്‍മയും ആവശ്യപ്പെട്ടിരിക്കുന്നു. സ്മാരകത്തിന്റെ ശോച്യാവസ്ഥ ലളിതകലാ അക്കാദമിക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും അറ്റകുറ്റപ്പണി പോലും നടത്താതിരുന്നത് കഷ്ടമാണെന്നും, അന്‍പത് വര്‍ഷം കഴിഞ്ഞാലും കേടുവരാതിരിക്കുന്ന ചിത്രങ്ങളെ നശിക്കാന്‍ വിട്ടത് വലിയ വിഷമമുണ്ടാക്കുന്നെന്നും പ്രശസ്ത ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ള അഭിപ്രായപ്പെടുകയുണ്ടായി. ലളിതകലാ അക്കാദമി രാഷ്‌ട്രീയവല്‍ക്കരിച്ചതാണ് സ്മാരകത്തിന്റെ നാശത്തിന് കാരണമായതെന്ന് രാജാ രവിവര്‍മ ശൈലിയുടെ പ്രയോക്താവായ ദാനകൃഷ്ണപിള്ളയും പ്രതികരിക്കുകയുണ്ടായി. ഇവര്‍ക്കൊക്കെ പ്രകടിപ്പിക്കാനാവുന്ന കടുത്ത വാക്കുകളാണിത്.
കലയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവരെ വേദിപ്പിക്കുംവിധം ഇടതുപക്ഷഭരണത്തിന്‍ കീഴില്‍ രാജാ രവിവര്‍മയുടെ സ്മാരകത്തിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ആര്‍ക്കും അദ്ഭുതം തോന്നേണ്ടതില്ല. ലോകത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമായ രാജാ രവിവര്‍മയോട് ഒരുതരം കുടിപ്പകയാണ് ഇടതുപക്ഷത്തിന് പൊതുവെയും സിപിഎമ്മിന് പ്രത്യേകിച്ചും ഉള്ളത്. പല രീതികളില്‍ അത് പുറത്തുവരുന്നു എന്നുമാത്രം. സിപിഎമ്മുകാരനായ എം.എ. ബേബി സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോഴാണല്ലോ വിവാദചിത്രകാരന്‍ എം.എഫ്.ഹുസൈന് രാജാ രവിവര്‍മയുടെ പേരിലുള്ള സര്‍ക്കാരിന്റെ പുരസ്‌കാരം നല്‍കിയത്. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പ്രോത്സാഹനമായിട്ടു മാത്രമല്ല, രവിവര്‍മയെ അംഗീകരിക്കാത്തയാളെന്ന നിലയ്‌ക്കുകൂടിയാണ് ഹുസൈനെ ഇടതുമുന്നണി സര്‍ക്കാര്‍ ആദരിച്ചത്. ഇടതുപക്ഷത്തിന്റെ ഈ സമീപനത്തിന് മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് രാജാ രവിവര്‍മയുടെ സ്മാരകം നശിക്കാന്‍ വിട്ടത്. ജന്മഭൂമിയുടെ വാര്‍ത്തയും പ്രതികരണങ്ങളും വന്നശേഷം സ്മാരകത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും മുന്നോട്ടുവന്നിട്ടുണ്ട്. രാജാ രവിവര്‍മയെന്ന മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടല്ല, കലാകേരളത്തിന്റെ പ്രതിഷേധം ഭയന്നാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ വെറും അറ്റകുറ്റപ്പണികളല്ല, ലോകാരാധ്യനായ ഈ കലാകാരന്റെ മഹത്വത്തിനും പ്രശസ്തിക്കും ചേരുന്നവിധം സ്മാരകം പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. രാജകുടുംബം അനുവദിച്ച സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അത് നിര്‍വഹിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: