കൊല്ലം : കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി രാജിക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കാട്ടുകാച്ചിലാണെന്ന് കരുതി പന്നിപ്പടക്കം മുറിക്കാനുള്ള ശ്രമത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വെള്ളം എടുക്കുന്നതിനായി വീടിന്റെ താഴെയുള്ള വാട്ടര്‍ ടാങ്കിന് സമീപത്തേക്ക് പോയ രാജി അവിടെ വെച്ച് ബോളിന്റെ രൂപത്തില്‍ ഒരു വസ്തു ശ്രദ്ധയില്‍പ്പെടുകയും അത് വീട്ടിലേക്ക് എടുത്തു. രാജിയുടെ കൈയിലിരിക്കുന്ന വസ്തു കാട്ടുകാച്ചിലാകാമെന്ന് അമ്മ പറഞ്ഞതോടെ കത്തി ഉപയോഗിച്ച് അത് മുറിക്കുകയായിരുന്നു. ഇതോടെ കൈയിലിരുന്ന് പന്നിപ്പടക്കം പൊട്ടുകയും രാജിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
അപകടത്തില്‍ രാജിയുടെ ഇടത് കൈപ്പത്തി അറ്റുപോയതായും ഒരു കണ്ണിന് കാഴ്ച നഷ്ടമായെന്നുമാണ് വിവരം. മറ്റ് ശരീരഭാഗങ്ങളിലും പരിക്കുണ്ട്. അപകടമുണ്ടായതിന് പിന്നാലെ രാജിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: