ഗോപന് ചുള്ളാളം
ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് ഭഗവാന് ശിവന് പൃഥ്വീലിംഗമായി കുടികൊള്ളന്ന ഏകാംബരേശ്വര ക്ഷേത്രം. പാര്‍വതീദേവി മണ്ണുകൊണ്ട് ശിവലിംഗം സൃഷ്ടിച്ചു പൂജിച്ചതായി ഐതിഹ്യം. ഇവിടുത്തെ ക്ഷേത്രത്തിനുള്ളിലെ മാവിന്‍ചുവട്ടില്‍വച്ച് ശ്രീ പാര്‍വതിയെ ഭഗവാന് പാണിഗ്രഹണം ചെയ്തു എന്നാണ് വിശ്വാസം.
ഐതിഹ്യം
ശിവകോപത്തെ തുടര്‍ന്ന് ഭൂമിയിലെത്തിയ പാര്‍വതീദേവി വേഗവതീ നദീതീരത്തെ മാവിന്‍ചുവട്ടില്‍, മണ്ണു കൊണ്ടു ശിവലിംഗമുണ്ടാക്കി പൂജ തുടങ്ങി. ഭക്തിയുടെ തീവ്രത പരിശോധിക്കാന്‍ മഹാദേവന് വെള്ളപ്പൊക്കം സൃഷ്ടിച്ചു. മാറോടു ചേര്‍ത്ത് ദേവി ശിവലിംഗത്തെ പ്രളയജലത്തില്‍ നിന്നും രക്ഷിച്ചു. പാര്‍വതിയുടെ ആലിംഗനത്തില്‍ അലിഞ്ഞതിനാല്‍ ശിവന് ‘തഴുവ കുഴൈന്താര്‍’എന്ന പേരും കൈവന്നു. ഭഗവാന് സംപ്രീതനായതോടെ ശാപം തീര്‍ന്ന് സുന്ദരിയായ കാമാക്ഷിയെ ഇവിടെ വെച്ച് വിവാഹം ചെയ്തു. ക്ഷേത്രത്തിനകത്തു കാണുന്ന ഒരു മാവിന് ചുവട്ടില്‍ വെച്ചായിരുന്ന പാണിഗ്രഹണം. ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന് ഏകാംബരേശ്വരനായി.
ഇരുപത്തിമൂന്ന് ഏക്കറിലെ ക്ഷേത്രസമുച്ചയം
ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ആകെ വിസ്തീര്‍ണ്ണം 23 ഏക്കറാണ്. രാജഗോപുരത്തിന് 59 മീറ്റര്‍ ഉയരമുണ്ട്. ആയിരംകാല്‍ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന് കീഴിലാണ് ഇത് പണിതീര്‍ത്തത്. ക്ഷേത്രകുളം കമ്പൈ തീര്‍ത്ഥം എന്നറിയപ്പെടുന്നു.
വികടചക്ര വിനായകനെ തൊഴുതു വേണം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍. ഉള്ളില്‍ കടന്നാല്‍ ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്യുന്ന ദീര്‍ഘമായ ഇടനാഴിയിലെത്തും. അവിടെ ആയിരത്തിയെട്ട് ശിവലിംഗങ്ങളും ഉല്‍സവ മൂര്‍ത്തികളും. വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില് ശിവശക്തീപുനഃസംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളില്‍ നിന്നും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ ലഭിക്കുന്നത്. ഇടനാഴിയില്‍ തന്നെയാണ് സഹസ്രലിംഗ സന്നിധി. വലിയൊരു ശിവലിംഗത്തില്‍ ആയിരം ശിവലംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു.
പുനസമാഗമത്തിനു ദേവിയെ സഹായിച്ച മഹാവിഷ്ണുവിനെ ‘ചന്ദ്രകാന്തപ്പെരുമാളാ’യി ഇവിടെ പൂജിക്കുന്നുണ്ട്. ഇരുട്ടില്‍ പാര്‍വതിയെ നിലാവെളിച്ചമായി വഴികാട്ടിയ ശ്രീഹരിക്കിവിടെ ‘നിലാത്തുണ്ടനെ’ന്ന മനോഹരമായ വിശേഷണവുമുണ്ട്. മുകള്‍ ഭാഗം അല്‍പ്പം കൂര്‍ത്ത്, താഴെക്ക് വീതികൂടി ഒരു വിരലിന്റെ രൂപത്തിലാണ് ഏകാംബരേശ്വരന്റെ, പ്രത്യേകതയുള്ള ശിവലിംഗം. പൃഥ്വിലിംഗ സങ്കല്പ്പമായതിനാല് ഇവിടെ ജലാഭിഷേകമില്ല. കാഞ്ചി കാമാക്ഷിയുള്ളതിനാല്‍ കാഞ്ചിയിലെ മറ്റു ശിവാലയങ്ങളിലെന്ന പോലെ ഇവിടെയും ദേവിക്ക് പ്രത്യേക സന്നിധിയില്ല.
കാഞ്ചീപുരം ടൗണില്‍ നിന്ന് മൂന്നര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കാഞ്ചികാമകോടിപീഠത്തില് നിന്ന് 300 മീറ്റര്‍ ദൂരം. റോഡുമാര്‍ഗവും ട്രെയിന്മാര്ഗവും കാഞ്ചീപുരത്ത് എത്തിച്ചേരാം. അടുത്തുള്ള വിമാനത്താവളം ചെന്നൈ അന്താരാഷ്ടവിമാനത്താവളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: