തൊടുപുഴ: അമിത നിരക്ക് വര്‍ധനവും ഇതിനൊപ്പമുള്ള ഇന്ധന നികുതിയും തെറ്റായ ബില്ലിങ് രീതിയും സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുമ്പോഴും ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി കാത്തുവച്ചിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത. മഴ ചതിച്ചതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇതിന് കാരണമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ 2016 മുതല്‍ യൂണിറ്റിന് 4.5 രൂപ നിരക്കില്‍ പുറത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയാണ് തെറ്റായ നടപടികളിലൂടെ ഇല്ലാതായത്.
സ്വന്തം വാദങ്ങളില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോര്‍ഡും ഉറച്ചുനിന്നതോടെ സുപ്രീംകോടതി വരെ എത്തിയ വിഷയമാണ് ഇപ്പോള്‍ ജനത്തിന് നേരേ തിരിച്ചടിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. 10 ദശലക്ഷം യൂണിറ്റിന് മുകളില്‍ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഇവിടെ നിന്ന് പതിവായി വാങ്ങിയിരുന്നത്. പിന്നാലെ വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഒരു യൂണിറ്റിന് ഇപ്പോള്‍ അതേ കമ്പനി ആവശ്യപ്പെടുന്നത് 12 രൂപ. വിഷയത്തില്‍ കൃത്യസമയത്ത് സര്‍ക്കാരിനേയും കമ്മിഷനേയും വിവരം ധരിപ്പിക്കുന്ന കാര്യത്തില്‍ ചെയര്മാന് അടക്കമുള്ളവര്‍ക്ക് വീഴ്ച വന്നതായും ആരോപണം.
കരാര്‍ എല്ലാ സീസണുകളിലും ഗുണകരമായിരുന്നതായും ഇതിന് ശേഷമാണ് വൈദ്യുതി പ്രതിസന്ധിയെന്ന ഭയം ഇല്ലാതായതെന്നും മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. കരാറില്‍ ഏര്‍പ്പെട്ട രീതി ശരിയല്ലെന്ന വാദമുയര്‍ത്തിയാണ് കമ്മിഷന് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. മറ്റിടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വിജയിക്കുന്നില്ല. ആവശ്യമായ വൈദ്യുതി തലേന്ന് തന്നെ ലേലം കൊള്ളണം. ഇതിനിടെ അടയ്ക്കാനുള്ള പണം നല്‍കാതെ കേരളത്തിന് വൈദ്യുതി നല്‍കില്ലെന്ന തീരുമാനവും കമ്പനികള്‍ എടുത്തിരുന്നു.
കേരളം ഉയര്‍ന്ന വിലയ്ക്ക് വൈദ്യതി വാങ്ങുന്ന വിവരം പുറത്തായതോടെ മറ്റ് പ്ലാന്റുകളും വിലകൂട്ടാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് പണം അടയ്ക്കുന്നത് നീട്ടിയതാണ് പുതിയ തര്‍ക്കത്തിന് കാരണം. അതേസമയം വൈദ്യുതി വാങ്ങുന്നതിന്റെ കൃത്യമായ തുക പുറത്തുവിടാതെയുള്ള ഒളിച്ചുകളിയും തുടരുന്നു. നേരത്തെ കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റിലൂടെയാണ് എത്ര വൈദ്യുതി വാങ്ങിയെന്നതും ഇതിന്റെ വിലയും പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ വില കാണാനില്ല. ഉപഭോക്താക്കളുടെ കൃത്യമായ വിവരങ്ങള്‍ അറിയാനുള്ള അവകാശവും ഇതോടെ ഇല്ലാതായി.
ഓരോ തവണയും അധികമായി ഇത്തരത്തില്‍ വാങ്ങുന്ന വൈദ്യുതിക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇതേ റഗുലേറ്ററി കമ്മിഷന് തന്നെയാണ് അനുമതി നല്‍കിയത്. ചുരുക്കത്തില്‍ ചെറിയ വിലയ്ക്ക് കിട്ടേണ്ടിയിരുന്ന വൈദ്യുതി വലിയ വിലയ്ക്ക് വാങ്ങേണ്ട ഗതിയിലേക്ക് എത്തിക്കുകയും അതിന്റെ പേരില്‍ ജനത്തെ പിഴിയാനുമുള്ള അവസരമായി ഇതുമാറുകയുമാണ്.
ബോര്‍ഡിന് ഇക്കാര്യത്തില്‍ നഷ്ടമില്ലാത്തതിനാല്‍ ഇവരും വേണ്ട പരിഗണന നല്‍കുന്നില്ല. കാലവര്‍ഷത്തില്‍ മഴ സജീവമാകാത്തതിനാല്‍ പ്രതിദിന ഉപഭോഗം 82 ദശലക്ഷം യൂണിറ്റിന് മുകളിലാണ്.
സംഭരണികളിലെ ജലശേഖരം 15 ശതമാനത്തില്‍ താഴെ എത്തിയതോടെ ആഭ്യന്തര ഉത്പാദനം കുറച്ചു. ആവശ്യമായ വൈദ്യുതിയുടെ 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് മാത്രമാണിപ്പോള്‍ ഉത്പാദനം.
തര്‍ക്കം ആരുടെ ലാഭത്തിന് വേണ്ടി
ഏഴ് വര്‍ഷമായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയാണ് അടുത്തിടെ വിവാദങ്ങളില്‍പ്പെട്ട് ഇല്ലാതായത്. കെഎസ്ഇബിയും കമ്മിഷനും തമ്മില്‍ ഇതിന്റെ പേരില്‍ നിയമപോരാട്ടവും തുടരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന കരാര്‍ റദ്ദാക്കി പുതിയതിലേക്ക് എത്തുമ്പോള്‍ വില കൂടുമെന്നത് വിസ്മരിക്കുന്നു.
കരാറില്‍ പറയാത്ത കാര്യത്തില്‍ ടെന്‍ഡറിങ് അതോറിറ്റി തീരുമാനമെടുത്തതാണ് കമ്മിഷനെ ചൊടിപ്പിച്ചത്. മുന്‍ കമ്മിഷനും ഇതേ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. എന്നാല്‍ കമ്മിഷന്റെ അധികാര പരിധിയിലല്ല ഇക്കാര്യമെന്നാണ് ബോര്‍ഡിന്റെ വാദം. നടപടിക്കെതിരെ അപ്പീല്‍ ട്രൈബ്യൂണലില്‍ പോയി കെഎസ്ഇബി അനുകൂല വിധി സമ്പാദിച്ചെങ്കിലും കമ്മിഷന് സുപ്രീകോടതിയില്‍ പോയി. കേസ് പരിഗണിച്ച ശേഷം കീഴ്കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഇക്കാര്യത്തിലുള്ള അപ്പീലില്‍ കോടതി നടപടികള്‍ തുടരുകയാണ്. പുതിയ കരാറിനായുള്ള മുറവിളി ഉയരുമ്പോള്‍ ഇതിന് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളും സാമ്പത്തിക ബാധ്യതയും ഭാവിയില്‍ വലിയ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: