ശിവഗിരി: നാട്ടിൽ അപൂർവ്വമായി മാത്രം ലഭിക്കാറുള്ള കമണ്ഡലു കായ ശിവഗിരി മഠത്തിൽ സമർപ്പിച്ചു. ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടിയാണ് തന്റെ പുരയിടത്തിൽ നിന്നും ലഭിച്ച കമണ്ഡലു കായ ശിവഗിരിയിൽ സമർപ്പിച്ചത്.
പ്രാചീന കാലത്ത് വ്യാപകമായി കാണപ്പെട്ടിരുന്ന കമണ്ഡലു ഏറെയും ഉപയോഗിച്ചു പോന്നത് ഋഷിമാരായിരുന്നു. കമണ്ഡലുകായുടെ ഉൾക്കാമ്പ് നീക്കം ചെയ്ത ശേഷം വശങ്ങൾ തുളച്ചു ചരടിട്ടുണ്ടാക്കിയാണ് യാത്രാവേളകളിൽ കൊണ്ടു നടന്നിരുന്നത്. ഭിക്ഷ ശേഖരിക്കാനും വെള്ളം കരുതാനുമാണ് ഋഷിമാർ കമണ്ഡലു ഉപയോഗിച്ചിരുന്നത്.
കമണ്ഡലുകായുടെ ഉൾക്കാമ്പ് വെള്ളത്തിൽ തിളപ്പിച്ചും ഇവയിൽ നിറച്ച വെള്ളം ഉപയോഗിക്കുന്നതും ഔഷധഗുണമെന്ന് കരുതിപ്പോന്നു. അമേരിക്കയിലാണ് കമണ്ഡലുവിന്റെ ജന്മസ്ഥലം എന്നും കലാബാഷ് എന്നാണ് ഇംഗ്ലീഷിലെ നാമമെന്നും പറയുന്നു.
സംസ്ഥാനത്ത് വളരെ അപൂർവ്വമായാണ് ഇവ നട്ടുവളർത്തുക. ശിവഗിരി മഠത്തിലെ കർമ്മയോഗയുടെ സ്റ്റാളിൽ നിന്നും തൈകൾ ലഭ്യതയനുസരിച്ച് വിതരണം ചെയ്യാറുണ്ട്.
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ആറ്റിങ്ങൽ കൃഷ്ണൻകുട്ടി. തന്റെ പുരയിടത്തിൽ നിന്നും ലഭ്യമായ ആദ്യത്തെ കായാണിത്. നേരത്തെ കായ്ച്ചിരുന്നെങ്കിലും വിളവാകുന്നതിനുമുമ്പ് കൊഴിഞ്ഞുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: