ന്യൂദല്‍ഹി: പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക നായകന് ഹാജി സലിം ശ്രീലങ്കയില്‍ വന്‍ അക്രമങ്ങള്‍ നടത്തിയ ഭീകര സംഘടന തമിഴ് പുലികളെ (എല്‍ടിടിഇ) പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് നടത്തി കോടികള്‍ സമ്പാദിച്ച അധോലോക സംഘമാണ് ഹാജി സലിമിന്റേത്.
ഹാജി സലീമിന് ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുണ്ട്. പാകിസ്ഥാനിലും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ദശലക്ഷക്കണക്കിന് ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിന് പിന്നിലെ തലച്ചോറായി കണക്കാക്കപ്പെടുന്ന സലിമിനെ കറാച്ചിയിലെ ദാവൂദിന്റെ ക്ലിഫ്ടണ്‍ റോഡിലെ വസതിയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പാകിസ്ഥാന് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ പിന്തുണയും ഈ അധോലോക നായകര്‍ക്കുണ്ട്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ആന്‍ഡ് ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ ഈ അധോലോക നായകരുടെ സംഘാംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം എന്‍സിബിയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കപ്പല്‍ തടഞ്ഞ് 12,000 കോടി രൂപ വിലമതിക്കുന്ന 2,500 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. ഇത് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മക്രാന്‍ തീരത്ത് നിന്നാണ് അയച്ചത്.
ഇന്ത്യയില്‍ എല്‍ടിടിഇയുടെ പുനരുജ്ജീവന നീക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 13 പേര്‍ക്കെതിരെ കഴിഞ്ഞ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍, ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ ഹാജി സലിമില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു.പ്രതികള്‍ വിവിധ വിദേശ വാട്ട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ചാണ് രഹസ്യവ്യാപാരം നടത്തിയത്.
90-കളുടെ അവസാനത്തില്‍ ദാവൂദിന്റെ ഡി-കമ്പനിയുടെ ശൃംഖല ഇന്ത്യന്‍ ഏജന്‍സികള്‍ ഇല്ലാതാക്കിയെങ്കിലും, 2021 ഓഗസ്റ്റില്‍ താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിനുശേഷം കടലും കരയും വഴിയുള്ള മയക്കുമരുന്ന് വ്യാപാരം സജീവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: