പ്രൊഫ. കെ.ശശികുമാര്‍
ജ്ഞാനാത്മകമായ ആധ്യാത്മികതയും ക്രിയാത്മകമായ ഭൗതികതയുമാണ് പ്രാചീന ഭാരതത്തിലെ ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. യജ്ഞം, ദാനം, തപസ്സ് എന്നിവയാല്‍ വ്യക്തിയും സമാജവും സുസ്ഥിര വികാസം നേടുക. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഉത്തമമാതൃകയായിരുന്ന രഘുവംശരാജപരമ്പരയെ അനുസ്മരിപ്പിക്കുകയാണ് ഭാരതത്തിന്റെ ഇന്നത്തെ ഭരണാധികാരി.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദൃഢസല്ലയനമായിരുന്നു നമ്മുടെ പ്രധാനമന്ത്രിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ബൈഡന് നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് ആര്‍ഷസംസ്കൃതിയുടെ ചിന്മുദ ചാര്‍ത്തിയ ദശോപനിഷത്തിന്റെ സാന്ദ്രസാരവും പൗരാണിക ഭാതത്തിലെ ചക്രവര്‍ത്തിമാര്‍ നടത്തി വന്ന ദശദാനവും. അശ്രുതപൂര്വമാണ്, അദൃഷ്ടപൂര്വമാണ് ഈ സമാശ്ലേഷം.
ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തരീയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിങ്ങനെ ആത്മവിദ്യയുടെ ആത്മദര്‍ശനമായ പത്ത് ഉപനിഷത്തുകള്‍. അവയുടെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഐറിഷ് കവി ഡബഌയു. ബി. യേറ്റ്സും ശ്രീ പുരോഹിത് സ്വാമിയും ചേര്‍ന്നു രചിച്ച ‘ദ് ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്സ്’ ആണ് മോദി, ബൈഡന് സമ്മാനിച്ചത്.
ദേശസ്നേഹവും ക്ഷാത്രവീര്യവും സനാതനധര്മവിശ്വാസവും ഒത്തിണങ്ങിയ ത്യാഗഭൂമികയില് നടക്കുന്ന വിശുദ്ധകര്‍മമാണ് ദശദാനം. ഫലാപേക്ഷയില്ലായില്ലാത്ത നിത്യദാനം, പാപപരിഹാര്ഥമുള്ള നൈമിത്തിക ദാനം, ഫലേച്ഛയോടു കൂടിയ കാമ്യദാനം, ഈശ്വരപ്രീതിക്കായുള്ള വിമലദാനം എന്നീ ചതുഷ്ടയത്തേക്കാള് മഹത്തരമാണ് ദശദാനം. ദശദാനങ്ങളിങ്ങനെ: ഗോവ്, ഭൂമി, തിലം (എള്ള്), ഹിരണ്യം (സ്വര്‍ണം), ആജ്യം (നെയ്യ്) വസ്ത്രം, ധാന്യം, ഗുളം (ശര്‍ക്കര), വെള്ളി, ലവണം, ഉപ്പ്. ‘തേന ത്യക്തേന ഭുഞ്ജീഥാ…’ എന്ന ഇൗശാവാസ്യമന്ത്രത്തെ ഇത് ഓര്‍മ്മപ്പെടുത്തുന്നു. മൈസൂര്‍ ചന്ദനത്തടിയില്‍, മനോഹരമായ കൊത്തുപണികളോടെ തയ്യാറാക്കിയ പെട്ടിയിലാണ് മറ്റ് അമൂല്യ വസ്തുക്കള്‍ക്കൊപ്പം ചെറിയ 10 വെള്ളിപ്പെട്ടികളിലാക്കി ദശദാനങ്ങളുടെ പ്രതീകങ്ങള്‍, ബൈഡന് മോദി സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: