കൊടകര ഉണ്ണി
കൊടകര: പരശുരാമന് പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ പ്രഥമസ്ഥാനമുള്ള തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റേയും കോടികോടി കണ്ഠങ്ങള്‍ ശരണമന്ത്രം മുഴക്കുന്ന ശബരിമലയുടേയും മനോഹരമായ മിനിയേച്ചറൊരുക്കിയിരിക്കയാണ് ശ്രീജിത്ത് കോലോത്തുപറമ്പില്‍.
വടക്കുന്നാഥന്റെ പടിഞ്ഞാറ് അഭിമുഖമായുള്ള വലിയ വട്ടശ്രീകോവിലും നാലമ്പലത്തിലെ പടിഞ്ഞാറ് അഭിമുഖമായുള്ള മറ്റു മൂന്നു ശ്രീകോവിലുകളും നമസ്കാരമണ്ഡപവും അതിന്റെ അംശഭംഗം മാറാതെ തന്നെ ശ്രീജിത്ത് അതീവഹൃദ്യമാക്കിയിരിക്കുന്നു. ഗോശാലകൃഷ്ണ്, നന്ദികേശന്, പരശുരാമന്, സിംഹോദരന്, കാശിവിശ്വനാഥന്, ചിദംബരനാഥന്, സേതുനാഥന്‍, ഊരകത്തമ്മ, കൂടല്‍മാണിക്യസ്വാമി, ആദിശങ്കരന്, വേട്ടക്കൊരുമകന്‍ എന്നീ ഉപദേവപ്രതിഷ്ഠകളും മിനിയേച്ചറിലൂടെ മനോഹരമാക്കിയിരിക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മാത്രം തുറക്കുന്ന തെക്കേ ഗോപുരമുള്‍പ്പെടെ ക്ഷേത്രത്തിന്റെ നാലുഗോപുരങ്ങളും നയനവിസ്മയമൊരുക്കുന്നു. മേടത്തിലെ പൂരനാളില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം നടക്കുന്ന, പുരുഷാരം നിറയുന്ന മതില്ക്കകവും കൂത്തമ്പലവും വരച്ചുകാട്ടുന്നു.
വടക്കുന്നാഥന്റെ നിത്യോപാസകനായ ശ്രീജിത്ത് ദിവസവും വൈകീട്ട് അത്താഴപൂജക്കു ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പുക തൊഴാന്‍ ക്ഷേത്രത്തിലെത്തും.
പുതുക്കാട് തെക്കെതൊറവ് കോലോത്തുപറമ്പില്‍ കൊച്ചുരാമന്റെയും കോമളവല്ലിയുടെയും മകനായ ശ്രീജിത്ത് വ്യാഴവട്ടക്കാലം ഗള്‍ഫില്‍ ഇന്റീരിയര്‍ ഡെക്കറേഷന് സൂപ്പര്‍വൈസറായി ജോലിചെയ്തു. ഒരുവര്‍ഷം മുമ്പ് നാട്ടിലെത്തിയ ശ്രീജിത്ത് വടക്കുന്നാഥനിലെ നിത്യസന്ദര്‍ശകനായി. ഓരോ ദിവസവും വടക്കുന്നാഥ ക്ഷേത്രവും ചുറ്റമ്പലവും മതില്ക്കകവും ഗോപുരങ്ങളും ആനവയറന്‍ മതിലും അടുത്തറിഞ്ഞ് മന:പാഠമായി.
കലിയുഗവരദനായ ശ്രീധര്‍മശാസ്താവ് വാണരുളുന്ന കാനനമധ്യത്തിലെ ശബരിമല ക്ഷേത്രമാണ് ആദ്യം നിര്‍മിച്ചത്. രണ്ടു മാസം കൊണ്ടാണ് നെയ്യഭിഷേകപ്രിയനായ അയ്യപ്പന്റെ പുണ്യപൂങ്കാവനം തയ്യാറാക്കിയത്. മൂക്കാല്‍ മീറ്റര്‍ നീളത്തിലും അര മീറ്റര്‍ വീതിയിലുമാണ് ശബരീശസന്നിധി ഒരുക്കിയത്. 5 മാസമെടുത്ത്് ഒന്നര മീറ്റര്‍ ചതുരത്തിലാണ് വടക്കുന്നാഥസന്നിധി നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ മൊത്തം അളവിനെ ക്രമമായി അംശബന്ധഭേദമില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേദാര്‍നാഥിന്റെ അവസാനഘട്ട പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീജിത്ത്. എംഡിഎഫ് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ബസും ലോറികളും കാറും തീവണ്ടിയുമൊക്കെ മിനിയേച്ചറാക്കുന്നവര് നിരവധിയുണ്ടെങ്കിലും പരമപവിത്രമായ ക്ഷേത്രസന്നിധികളെ സൂക്ഷ്മതയോടെ കണക്കും കണിശതയും കടുകിടെ മാറാതെ കലാസര്ഗപ്രതിഭക്ക് കളിത്തൊട്ടിലാക്കിയവര് ചുരുക്കമാണ്. വടക്കുന്നാഥനെ മാനസഗുരുവാക്കിയുള്ള ഈ പുതുക്കാട്ടുകാരന്റെ പുതുപരീക്ഷണങ്ങള്‍ ഭാരതത്തിലെ ഏറെ പ്രസിദ്ധമായ മഹാക്ഷേത്രങ്ങളിലേക്കും കയ്യൊപ്പുചാര്ത്തുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: