കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം നേതാക്കള്‍ക്കെതിരെ വാളെടുക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎം നേതാക്കള്‍ തോക്കും ലാത്തിയും പ്രയോഗിക്കുന്നു. ഇത് കണ്ട് പൊതുജനം മൂക്കത്ത് വിരല്‍വയ്ക്കുകയാണ്. എന്താണിവിടെ നടക്കുന്നതെന്ന ചോദ്യവും. സിപിഎം സംസ്ഥാന സെക്രട്ടറി വെറുമൊരു സംസ്ഥാന നേതാവല്ല. സിപിഎം പരമോന്നത വേദിയായ പിബി മെമ്പര്‍കൂടിയാണ്. അദ്ദേഹത്തിന്റെ മനസ്സും ബുദ്ധിയും അശ്ലീലംനിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സുധാകരന് പറയുന്നു. എന്നാല്‍ സുധാകരന് അശ്ലീലത്തിന് കൂട്ടുനിന്നയാളാണെന്ന് സി പിഎം തിരിച്ചടിക്കുന്നു. ഇതില്‍ അരക്കള്ളനാര് മുക്കാല്ക്കള്ളനാര് എന്നതാണ് തര്‍ക്കം. കള്ളത്തരം രണ്ടുപേര്‍ക്കും ചേരുന്നതാണെന്നതില്‍ സംശയമില്ല.
ഗോവിന്ദനെതിരെ ഏതെല്ലാം രീതിയിലുള്ള നിയമ നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച ചെയ്തുവരികയാണെന്നാണ് സുധാകരന് പറയുന്നത്. നീതിന്യായം ഉണ്ടെങ്കില്‍ ഒരുകാര്യം ഉറപ്പാണ്, തനിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കും. ഒരു രാഷ്ട്രീയ നേതാവ് നടത്താന്‍ പാടില്ലാത്ത തരംതാണ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഒരു അധ്യാപകന്റെ നിലവാരം പോലും പുലര്‍ത്തിയില്ല. പന്തുതട്ടുന്ന കായിക അധ്യാപകനായതിനാലാണ് ഇതൊന്നും അറിയാതെ പോയത്. എങ്ങനെയെങ്കിലും ഗോളടിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഗോവിന്ദനെ മാഷ് എന്ന് വിളിക്കാന്‍ തന്നെ ലജ്ജ തോന്നുന്നു. ഗോവിന്ദന് പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?. നേരും നെറിയും ഉള്ള ആളാണ് ഗോവിന്ദനെന്നാണ് താന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറി. മോന്സന് മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്കു താന്‍ മാത്രമല്ല പോയത്. സിനിമാതാരങ്ങളും പൊലിസ് ഓഫിസര്‍മാരും പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോന്‍സന്റെയടുത്തേക്ക് പോയത്. അയാള്‍ ചെയ്ത കാര്യങ്ങളൊക്കെ നിയമത്തിന് മുന്പില് അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ല.
ഞാന്‍ വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മോണ്സണ് ഫോണില്‍ വിളിച്ചു ക്ഷമ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടു അടുപ്പമുള്ളവരും എന്നോട് ക്ഷമ പറഞ്ഞിട്ടുണ്ട്. ചെയ്ത തെറ്റില്‍ കുറ്റബോധമുള്ളയാളെ പിന്നെ ശത്രുവാക്കേണ്ട കാര്യം തനിക്കില്ല. അതുകൊണ്ടാണ് അന്ന് നിയമ നടപടി സ്വീകരിക്കാഞ്ഞത്. മോണ്‍സനെ എന്റെ ശത്രുപക്ഷത്ത് ആക്കേണ്ട കാര്യമില്ല. മോണ്‍സനെ അനുകൂലിക്കുന്നുമില്ല. മോണ്സന് കേസില്‍ ആദ്യമേ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാനുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ചില ചെറുപ്പക്കാര്‍ എന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.
എം.വി. ഗോവിന്ദന് ആഭ്യന്തര മന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭിപ്രായം. ഗോവിന്ദന് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന് ആരോപിച്ചു. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
‘മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍, പീഡനം നടക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഈ ആരോപണം ആവര്‍ത്തിച്ചു. ഇങ്ങനെയൊരു മൊഴിയുള്ളതായി െ്രെകംബ്രാഞ്ചില്നിന്ന് അദ്ദേഹത്തിന് വിവരം കിട്ടിയെന്നും പറഞ്ഞു. പേരിനെങ്കിലും ഒരു ആഭ്യന്തര മന്ത്രി ഇവിടെയുള്ളപ്പോള്‍, ഗോവിന്ദന് ആഭ്യന്തര മന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണ്. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എം.വി.ഗോവിന്ദനാണോ?’ പ്രതിപക്ഷ നേതാവിന്റെ സംശയം അതാണ്.
എന്നാല്‍ സിപിഎം സെക്രട്ടറി പ്രയോഗിക്കുന്ന വാക്കുകള്‍ അതിനേക്കാള്‍ ക്രൂരമാണ്. മാധ്യമ പ്രവര്‍ത്തകരാണെന്ന വ്യാജേന എസ്എഫ്ഐക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്ത ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയാല്‍ കേസെടുക്കും. അതിലെന്താ തെറ്റ്? പണ്ടും കേസെടുത്തിട്ടുണ്ട്. ഇനിയും കൈകാര്യം ചെയ്യും എന്നും ഗോവിന്ദന് പറയുന്നു. കണ്ണൂര്‍ക്കാരനാ യ അതും തളിപ്പറമ്പ്കാരനാകുമ്പോള് പ്രത്യേകിച്ചും കൈകാര്യം ചെയ്യുമെന്ന് പറയുമ്പോള്‍ കരുതിയിരിക്കണം. മൊറാഴയില്‍ ഒരു പോലീസ് ഓഫീസറെ കൈകാര്യം ചെയ്തത് മറന്നുകൂടാ. ശിലായുഗജീവികളാണ് തങ്ങളെന്ന് തെളിയിച്ച സംഭവം. കല്ലെറിഞ്ഞാണ് കൊന്നത്. അതോടൊപ്പമാണ് സുധാകരനെതിരെ അശ്ലീല പ്രയോഗം. എസ്എഫ്ഐ സെക്രട്ടറി ആര്‍ഷോയെ പുകഴ്ത്തിയ ഗോവിന്ദന്, പക്ഷേ വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുത്ത് മുങ്ങിയ വിദ്യയെ തള്ളിപ്പറയുന്നു. അവര്‍ എസ്എഫ്ഐ നേതാവേ അല്ലെന്ന വിചിത്രവാദവും സിപിഎം നേതാക്കള്‍ നിരത്തുന്നു.
കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരും കുരച്ചുചാടുകയും കടിച്ചുകീറുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യമുണ്ട്. നേതാക്കള്‍ക്ക് ഉളുപ്പ് വേണ്ടേ ഉളുപ്പ്? കേരളത്തില്‍ പേലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ പശ്ചിമഘട്ടം കടന്നാല്‍ മട്ടുമാറുന്നു. തമിഴ്നാട്ടില്‍ അവര്‍ ഒരമ്മ പെറ്റവരെപ്പോലെയാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും ബംഗാളിലും അവര്‍ വ്യത്യസ്തരല്ല. ഇരുകൂട്ടര്‍ക്കും ഈ പണിനിര്ത്തിക്കൂടേ? ജനങ്ങളെ വിഡ്ഡിയാക്കാനും കബളിപ്പിക്കാനും നടത്തുന്ന ഈ ശ്രമങ്ങള്‍ക്ക് നമ്മളില്ലെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ധൈര്യമുണ്ടോ?
ജൂണ്‍ 23 ന് പാറ്റ്നയില്‍ നടക്കുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ ഇടതിനെ പങ്കെടുപ്പിക്കരുതെന്ന് പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? കോണ്‍ഗ്രസുള്ള മുന്നണിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കില്ലെന്ന് പ്രഖ്യാപി ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്ക്കാകുമോ? ഇരുകൂട്ടരും അങ്ങിനെ ചെയ്യുമെന്ന് കരുതാന്‍ വിദൂരസാധ്യതപോലുമില്ല. പിന്നെന്തിന് ഈ ഗോഗ്വാവിളി. നി ര്ത്തിക്കൂടെ? എന്നിട്ട് ഞങ്ങള്‍ അഖിലേന്ത്യാ പാര്‍ട്ടികള്‍, ഞങ്ങള്‍ക്ക് ഒരേ മനസ്സ്, ഒരേ നിലപാട്, ഒരേ ചങ്ങാത്തം എന്നുപറയാന്‍ ആര്‍ജ്ജവമുണ്ടോ? അതില്ലാത്ത നിങ്ങള്‍ വെറും ഞാഞ്ഞൂലുകളാണ്. അത് മറന്ന് മൂര്‍ഖനാണെന്ന് കാണിക്കാനുള്ള ശ്രമം വിലപ്പോവില്ല. മമത പറഞ്ഞുകഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരുമായുള്ള കൂട്ടില്‍ തങ്ങളില്ലെന്ന്. കോണ്‍ഗ്രസുമായുള്ള സംഖ്യം വേണ്ടെന്ന് വയ്ക്കാന്‍ യെച്ചൂരിയോട് ആജ്ഞാപിക്കുമോ? കേരളത്തിലെ പാര്‍ട്ടിയാണല്ലൊ യജമാനന്. എകെജി ഭവന് വൈദ്യുതി ബില്ലടക്കാന്‍ കേരളം കനിയണമല്ലോ. അല്ലാത്ത അഭ്യാസമെല്ലാം ഗോവിന്ദ ഗോവിന്ദ ആയി മാറുമെന്നോര്ത്താല് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: