ദുബായ്: രാജ്യത്തിന്റെ പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ബ്രഹത് പദ്ധതി അവതരിപ്പിച്ച് കുവൈറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ഈ അറബ് നാട്. രാജ്യത്തിന്റെ വടക്ക് തെക്ക് പ്രവിശ്യകളിലായി 42 സ്ക്വയർ കിലോമീറ്ററിലാണ് അദ്ഭുത സസ്യലോകം യഥാർത്ഥ്യമാകുന്നതെന്ന് കുവൈറ്റ് ഭരണകൂടത്തെ ഉദ്ധരിച്ചുകൊണ്ട് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ അഭിമാനമായ പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നായ ഇതിന്റെ സാമ്പത്തിക സഹായം യുണൈറ്റഡ് നേഷൻസിൽ നിന്നുമാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം ആദ്യമായാണ് യുഎൻ രാജ്യത്തിന് ഇത്തരത്തിൽ ഒരു സഹായം നൽകുന്നത്. കുവൈറ്റ് ഓയിൽ കമ്പനി ( കെ ഒ സി ) ഈ പദ്ധതിയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. കെ ഒ സി യുടെ സമീപ പ്രദേശങ്ങളിൽ 42 ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 10 ദശലക്ഷം മരുഭൂമിയിലെ മരങ്ങൾ, കുറ്റിച്ചെടികൾ, മറ്റ് സസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിച്ച് ഈ പ്രദേശങ്ങളിൽ സസ്യങ്ങളുടെ ആവരണം പുനഃസ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കുവൈറ്റിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ 12 ഇനം സസ്യങ്ങളും ഈ നടീലുകളിൽ ഉൾപ്പെടുന്നുണ്ട്.
ഈ വർഷം ജനുവരിയിലാണ് പദ്ധതി സംബന്ധിച്ച ആസൂത്രണ യോഗം നടന്നത്. ലോകത്തെ തന്നെ ഏറെ പ്രശസ്തിയുള്ള എൻജിനീയറിങ് കമ്പനിയായ വോർലിയെയാണ് ഈ പ്രോജക്ടിന്റെ കൺസൾട്ടന്റായി നിയമിച്ചിരിക്കുന്നത്. കെ ഒ സി യുടെ സമീപത്തെ മലിനമായ പ്രദേശങ്ങളെ ശുദ്ധീകരിച്ച് പ്രകൃതിയോട് ചേർക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് മുന്നോടിയായി പ്രദേശങ്ങളിലെ മണ്ണ് ജൈവശാസ്ത്രപരമായി ശുദ്ധീകരിക്കും അല്ലെങ്കിൽ ഹീറ്റ് ട്രീറ്റ്മെന്റിന് വിധേയമാക്കും.
പ്രകൃതിദത്തമായ സസ്യജാലങ്ങളെ പുനഃസ്ഥാപിക്കുക മാത്രമല്ല ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിലെ ആഗോള ശ്രമങ്ങൾക്ക് ഒരു മുതൽക്കൂട്ടാകാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് കെ ഒ സി അധികൃതർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: