തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകളില്‍ കൂടുതലായി കണ്ടുവരുന്ന ഡിജിറ്റല്‍ ലോട്ടറി തട്ടിപ്പുകള്‍ക്ക് പ്രായമായവരും മറ്റും ധാരാളമായി ഇരയാവുന്നതിനാല്‍ മുന്നറിയിപ്പുമായി സൈബര്‍ സെല്‍. എടുക്കാത്ത ലോട്ടറി നിങ്ങള്‍ അടിച്ചെന്ന് സന്ദേശം വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ സെല്‍ അറിയിപ്പില്‍ പറയുന്നു. നിങ്ങള്‍ എടുക്കാത്ത ലോട്ടറി എങ്ങിനെയാണ് നിങ്ങള്‍ക്ക് അടിക്കുക? വാങ്ങാത്ത ലോട്ടറി നിങ്ങള്‍ നേടിയതായി സ്ഥിരീകരിക്കുന്ന അറിയിപ്പുകള് ലഭിച്ചാല്‍ അത് തട്ടിപ്പാണ്. റിട്ടയേഡ് ആളുകളും പ്രായമായവരും ഇത്തരം തട്ടിപ്പുകള്‍ക്ക് ധാരാളമായി ഇരയാവുന്നുണ്ട്. – സൈബര്‍ സെല്‍ പറയുന്നു.
ഉദാഹരണമായി കൊക്കകോള ലോട്ടറിയെക്കുറിച്ച് പറയുന്നു. കൊക്കകോള നടത്തിയ ലോട്ടറിയില്‍ നിങ്ങള്‍ക്കു 10 കോടി രൂ സമ്മാനം കിട്ടിയെന്നാണ് സന്ദേശം വരിക. സമ്മാനം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഒരു ലക്ഷം രൂപ സര്‍വ്വീസ് ചാര്‍ജ്ജായി ആവശ്യപ്പെടും. പ്രായമായവരും ജോലിയില്‍ നിന്നും വിരമിച്ചവരും ഇത്തരത്തില്‍ ഒട്ടേറെ തട്ടിപ്പുകളില്‍ വീഴുന്നുണ്ട്.
ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതരോട് തുറന്നുപറയാനും സൈബര്‍ സെല്‍ പറയുന്നു. ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് വാട്സാപ് സന്ദേശമോ എസ് എംഎസോ വന്നാല്‍ അത് സൈബര്‍ ക്രൈം. ഗവ്.ഇന്‍ (cybercrime.gov.in) എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയിക്കുക. അതല്ലെങ്കില്‍ 1930 എന്ന നമ്പറില്‍ ദേശീയ സൈബര്‍ ക്രൈം വകുപ്പിനെ വിളിച്ചറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: