ആലപ്പുഴ: വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന.ആലപ്പുഴ സൗത്ത്, നോര്‍ത്ത് കമ്മിറ്റികള്‍ പിരിച്ചുവിടാനും സാധ്യത. പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉള്‍പ്പെടെയുള്ള 30 ജില്ലാ നേതാക്കള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍, ഏരിയ സെക്രട്ടറിമാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. മന്ത്രി സജി ചെറിയാന് വിരുദ്ധ പക്ഷത്തുള്ള നേതാക്കളാണ് ഇവരില്‍ ബഹുഭൂരിപക്ഷവും.
കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളില്‍ ചേരിതിരിഞ്ഞുള്ള വിഭാഗീയത ഉണ്ടായതുമായി ബന്ധപ്പെട്ടാണ് നടപടി. അച്ചടക്ക നടപടിയോടെ മന്ത്രി സജിചെറിയാന് പക്ഷത്തിന് ജില്ലാ കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും മേധാവിത്തമാകും. ലഹരിക്കടത്തില്‍ ഉള്‍പ്പെട്ട ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ഷാനാവാസിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റി സജിചെറിയാന് പക്ഷത്തിനായി പിടിച്ചെടുത്തതില്‍ പ്രധാനിയണ് ഷാനവാസ്.
ഈ മാസം 19, 20 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരും. വിഭാഗീയതയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടിക്ക് സാധ്യതയുണ്ട്. ലഹരിക്കടത്ത് അടക്കമുള്ള അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളും പരിഗണനയ്ക്കു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: