കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ലോകായുക്ത ഡിവിഷന് ബെഞ്ച് വാദം കേട്ട ശേഷം മൂന്നംഗ ഫുള്‍ബെഞ്ചിനു വിട്ടതില്‍ ലോകായുക്തക്ക് നോട്ടീസ് നല്കാന് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി ജൂലൈ അഞ്ചിലേക്ക് മാറ്റി. ലോകായുക്ത ഫുള്‍ ബെഞ്ച് പരാതി ജൂലൈ പത്തിനു പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി ജൂലൈ അഞ്ചിലേക്ക് മാറ്റിയത്. ലോകായുക്തക്കു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലാണ് നോട്ടീസ് എടുക്കുക. തിരുവനന്തപുരം നേമം സ്വദേശി ആര്.എസ്. ശശികുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 17 മന്ത്രിമാര്‍ക്കുമെതിരെയാണ് ഹര്ജിക്കാരന് ലോകായുക്തയില്‍ പരാതി നല്‍കിയത്. ഈ പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തര്‍ക്കം ആദ്യഘട്ടത്തില്‍ തന്നെ ഫുള്‍ബെഞ്ച് പരിഗണിച്ചു വാദം കേള്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് വാദം കേട്ട് 2022 മാര്‍ച്ച് 18ന് വിധി പറയാന്‍ മാറ്റയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് 2023 മാര്‍ച്ച് 31 നാണ് വിധി പറഞ്ഞത്. കേസ് ലോകായുക്തയുടെ ഫുള്‍ബെഞ്ചിനു വിടാനായിരുന്നു തീരുമാനം. ലോകായുക്തക്ക് പരാതി പരിഗണിക്കാനാവുമോയെന്ന കാര്യത്തില്‍ ലോകായുക്ത ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ക്കിടയില്‍ തര്‍ക്കമുള്ളതിനാലാണ് ഫുള്‍ബെഞ്ചിനു വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: