ബാലസോര്‍ : ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ഖുര്‍ദ ഡിവിഷന് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സി ബി ഐയുടെ പത്തംഗ സംഘം ബാലസോറിലെ ബഹാനാഗയില്‍ മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍ പെട്ട സ്ഥലം സന്ദര്‍ശിച്ചു.
ട്രെയിന്‍ അപകടത്തിന്റെ സാഹചര്യവും അപകടത്തിന് ഉത്തരവാദികളായ വ്യക്തികള്‍ ആരൊക്കെയാണെന്നും സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വെള്ളിയാഴ്ചത്തെ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.
റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പഥക്കും അപകട കാരണം പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും റെയില്‍വേ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ബാലസോര്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, അപകട നടന്ന പാതയിലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: