ന്യൂദല്‍ഹി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേസില്‍ ഒളിവില്‍പ്പോയ പ്രതി അയൂബ് ടിഎയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേരളത്തിലെ പിഎഫ്ഐ, അതിന്റെ ഭാരവാഹികള്‍, അംഗങ്ങള്‍, ബന്ധം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിയാണ് എറണാകുളം ജില്ലക്കാരനായ അയൂബിനെ തിരയുന്നത്.
മതസമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനും യുവാക്കളെ ലഷ്കര്‍-ഇ-തൊയ്ബ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിയാണ് റിപ്പോര്‍ട്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് ഗൂഢാലോചന നടത്തിയതെന്ന് എന്‍ഐഎ പറഞ്ഞു. കേസില്‍ ഈ വര്‍ഷം ജനുവരി 17ന് കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലത്ത് എന്‍ഐഎ തിരച്ചില്‍ നടത്തുകയും മുഹമ്മദ് സാദിഖ് എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രാജ്യവ്യാപകമായി റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താന്‍ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്(പിഎഫ്ഐ) പ്രവര്‍ത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുല്‍ വഹാബ്(36) അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മന്‍സൂര്‍(41) മൂന്നു ലക്ഷം രൂപ, പട്ടാമ്പി സ്വദേശി കെ.അബ്ദുല്‍ റഷീദ് (32) അഞ്ചു ലക്ഷം രൂപ, പാലക്കാട് ഒറ്റപ്പാലം കെ.പി.മുഹമ്മദാലി (42) മൂന്നു ലക്ഷം രൂപ, പാലക്കാട് കൂറ്റനാട് ഷാഹുല്‍ ഹമീദ് (54) മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം. അറിവ് ലഭിച്ചാല്‍ എറണാകുളം ഗിരിനഗറിലുള്ള എന്‍ഐഎ ഓഫിസിലെ ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറുകളിലൊ അറിയിക്കാവുന്നതാണ്. [email protected], 0484 2349344, 9497715294.
പ്രതികരിക്കാൻ ഇവിടെ എഴുതുക: