ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്പ്പിച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ അജ്മീറില്‍ ബിജെപി സംഘടിപ്പിച്ച മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ കാലങ്ങളിലെല്ലാം പാവങ്ങളെ കബളിപ്പി ക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും മോദി ചൂണ്ടിക്കാട്ടി.
50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് രാജ്യത്തിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പു നല്‍കിയിരുന്നു. പാവപ്പെട്ടവരോടുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വഞ്ചനയായിരുന്നു അത്. പാവപ്പെട്ടവരെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. ഇന്ത്യയിലെ ജനങ്ങള്‍ ഇതുമൂലം ദുരിതമനുഭവിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രവര്‍ത്തിച്ചത് ഒരു സൂപ്പര്‍ പവറിന്റെ കീഴിലായിരുന്നുവെന്നും സര്‍ക്കാര്‍ വിദൂര നിയന്ത്രണത്തിലൂടെയാണ് പ്രവര്‍ത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി.
2014ന് മുമ്പ് അഴിമതിക്കെതിരെ ജനം തെരുവിലായിരുന്നു. വന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് മുകളില്‍ ഒരു മഹാശക്തി ഉണ്ടായിരുന്നു, റിമോട്ട് കണ്‍ട്രോളിലൂടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതലായിരുന്നുവെന്നും യുവാക്കള്‍ ഇരുട്ടിലായിരുന്നെന്നും മോദി പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. കോണ്‍ഗ്രസായിരുന്നു അധികാരത്തിലിരിക്കുന്നതെങ്കില്‍, കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്താന്‍ 40 വര്‍ഷം കൂടി എടുക്കുമായിരുന്നു, ഇന്ത്യയുടെ നേട്ടങ്ങള്‍, ഇന്ത്യയിലെ ജനങ്ങളുടെ വിജയം കുറച്ച് പേര്‍ക്ക് ദഹിക്കുന്നില്ല.
ഇന്ത്യക്ക് ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചു. അതില്‍ അഭിമാനിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസും അതുപോലുള്ള മറ്റു ചില പാര്‍ട്ടികളും രാഷ്ട്രീയത്തിന്റെ ചെളിവാരിയെറിഞ്ഞു. തങ്ങളുടെ ഈഗോയ്ക്ക് മുന്നില്‍ പാവപ്പെട്ടവന്റെ മകന് എങ്ങനെ നില്ക്കുന്നു എന്ന ദേഷ്യത്തിലാണ് അവര്‍. പാവപ്പെട്ടവന്റെ മകന് അവരുടെ അഴിമതിയെയും കൂടുംബവാഴ്ചയെയും ചോദ്യം ചെയ്യുന്നതെന്തിനെന്ന് എന്നാണ് അവരുടെ ചോദ്യമെന്നും മോദി പറഞ്ഞു.
റാലിക്ക് മുന്നോടിയായി പ്രധാനമന്ത്രി പുഷ്കറിലെ പ്രശസ്തമായ ബ്രഹ്മദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്, വസുന്ധര രാജെ, കൈലാഷ് ചൗധരി എന്നിവരും രാജസ്ഥാനില്‍ നിന്നുള്ള മറ്റ് ബിജെപി നേതാക്കളും റാലിയില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് അജ്മീറിലെ മഹാറാലിയോടെ തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: