ദുബായ്: പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും യുഎഇക്ക് പുറത്തുനിന്ന് പുതുക്കാനുള്ള സേവനമാരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ അറിയിച്ചു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ് യുഎഇയുടെ ഈ പദ്ധതി.
അതോറിറ്റിയുടെ ഔദ്യോഗിക സ്മാർട്ട് ആപ്പിലൂടെ മാത്രമാണ് പുതുക്കൽ സേവനം നൽകുന്നതെന്ന് ഐസിപി കസ്റ്റമർ ഹാപ്പിനെസ് മാനേജ്മന്റ് ഡയറക്ടർ നാസർ അഹമ്മദ് അൽ അബ്ദൗലി പറഞ്ഞു. മൊബൈൽ ഫോണിൽനിന്ന് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് നിർദിഷ്ട സേവനം തെരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും നിരക്ക് അടയ്ക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയരിക്കുന്നത്.
ടൈപ്പിങ് സെന്ററുകളിലൂടെയോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേനയോ അപേക്ഷകൾ സമർപ്പിക്കുകയും യഥാർഥ ഉടമ രാജ്യത്തിന് പുറത്താണെന്ന് കണ്ടെത്തുകയും ചെയ്താൽ അപേക്ഷ നിരസിക്കും. അപേക്ഷകൻ ആവശ്യമായ രേഖകൾ സഹിതം സ്വന്തമായി തന്നെ അപേക്ഷിക്കുകയും വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അപേക്ഷയോടൊപ്പം നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഓൺലൈൻ ഡെലിവറി സേവനങ്ങൾ എന്നിവയിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു. ഇടപാടുകളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ വിവരങ്ങൾ ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ രേഖകൾ പുതുക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും എല്ലാ ഉപഭോക്താക്കളും കാലാവധി കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: