കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണിലെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുളള ദൗത്യത്തിന് തുടക്കമായി. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം എത്തിയത്. കമ്പം ഭാഗത്ത് നിന്നും എട്ടുകിലോമീറ്റർ അകലെയുള്ള ചുരുളിപ്പെട്ടി ഭാഗത്താണ് ആന നിലവിലുള്ളത്. ആന നിൽക്കുന്ന സ്ഥലം കൃത്യമായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു.
ആനയെ മയക്കുവെടി വച്ച് പിടികൂടി വെള്ളമലയിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി കുങ്കി ആനകളെ തേനിയിൽ എത്തിച്ചിട്ടുണ്ട്. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്.
അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: