മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശിയായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം കേരളത്തില്‍ ഒരു തനിയാവര്‍ത്തനമാണ്. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തോട് പലനിലയ്ക്കും സാമ്യമുള്ളതാണ് ഇതരസംസ്ഥാന തൊഴിലാളിയായ രാജേഷ് മാഞ്ചിയുടെ കൊലപാതകവും. മധുവിന്റെ കാര്യത്തിലെന്നപോലെ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ഈ യുവാവിനെ ചിലര്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയും, കുറച്ചകലെയുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയുമായിരുന്നു. അവശനായ നിലയില്‍ പോലീസ് ആശുപത്രിയിലെത്തിച്ച മാഞ്ചി അവിടെവച്ച് മരിക്കുകയും ചെയ്തു. ഇതൊരു ആള്‍ക്കൂട്ട കൊലപാതകമാണെന്ന് സംശയിക്കാവുന്ന നിരവധി വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. താന്‍ മോഷ്ടാവല്ലെന്നും മര്‍ദ്ദിക്കരുതെന്നും ഈ ഇതരസംസ്ഥാന തൊഴിലാളി കൈകൂപ്പി പറഞ്ഞെങ്കിലും അത് വകവയ്ക്കാതെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷമാണ് അടുത്തുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. എന്നാല്‍ പ്രതികളിലൊരാള്‍ ഇത് നശിപ്പിക്കാന്‍ സിസിടിവിയുടെ ഡിവിആര്‍ ഇളക്കിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്നിന് കൊലചെയ്യപ്പെട്ട രാജേഷിന്റെ രക്തം പുരണ്ട ഷര്‍ട്ടും കണ്ടെടുത്തു. രാജേഷിന്റെ ദേഹത്ത് കടുത്ത മര്ദ്ദനങ്ങളേറ്റതിന്റെ പാടുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. മോഷ്ടിക്കാനെത്തിയയാള്‍ വീടിന്റെ ടെറസ്സില്‍നിന്ന് വീണു പരിക്കേല്‍ക്കുകയായിരുന്നെന്ന് പ്രതികള്‍ പറയുന്നത് പച്ചക്കള്ളമാണെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല.
കൊല്ലപ്പെട്ടത് ബീഹാറില്‍നിന്നുള്ള പട്ടികജാതിക്കാരനാണെന്ന് അറിയാമായിരുന്നിട്ടും പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാതിരുന്നത് പ്രതികളെ സഹായിക്കുന്നതിനുവേണ്ടിയാണ്. ബീഹാറിലെ ദളിത് വിഭാഗമാണ് മാഞ്ചിയെന്ന് അറിയാത്തവര്‍ ചുരങ്ങും. ഈ വിഭാഗത്തില്‍പ്പെട്ട ജിതിന്റാം മാഞ്ചി അവിടുത്തെ മുഖ്യമന്ത്രിയുമായിരുന്നു. എന്നിട്ടും ബീഹാറിലെ വില്ലേജാഫീസറോട് രാജേഷ് മാഞ്ചിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്ന കേരള പോലീസ് ജനങ്ങളുടെ സാമാന്യബോധത്തെയാണ് പരിഹസിക്കുന്നത്. രാജേഷ് മാഞ്ചിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാതെ തിടുക്കത്തില്‍ കോഴിക്കോട് സംസ്കരിച്ചതും സംശയാസ്പദമാണ്. കൊവിഡ് മഹാമാരിയുടെ അന്തരീക്ഷമൊന്നും ഇപ്പോഴില്ല. മൃതദേഹം കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ലാതിരിക്കെ എന്തിനാണ് ബന്ധുക്കളെന്നു പറയുന്ന ചിലരുടെ സമ്മതം വാങ്ങി തിടുക്കത്തില്‍ സംസ്കരിച്ചതെന്ന ചോദ്യത്തിന് പോലീസ് മറുപടി പറയേണ്ടതുണ്ട്. ആള്‍ക്കൂട്ടം കൊലചെയ്ത ഒരു ദളിത് യുവാവിന്റെ മൃതദേഹം കേരളത്തില്‍നിന്ന് ബീഹാറിലേക്ക് കൊണ്ടുപോകുന്നത് വലിയ വാര്‍ത്തയാകുമെന്നും, രണ്ട് സംസ്ഥാനങ്ങൡലും അത് പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നും മനസ്സിലാക്കിയാണ് ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചത്. ബീഹാറും കേരളവും ഭരിക്കുന്നവരുടെ രാഷ്ട്രീയതാല്പര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിഥിതൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് വിളിച്ചവരില്‍ ഒരാളാണ് അതിനീചമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരു ദളിതനായതിനാല്‍ അവകാശങ്ങളൊന്നുമില്ലെന്ന മനോഭാവമാണ് കേരളം ഭരിക്കുന്നവരെ നയിക്കുന്നത്.
അട്ടപ്പാടിയിലെ മധുവും, ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലെത്തിച്ച വയനാട്ടിലെ വിശ്വനാഥനും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്തത്. ഇടതുമുന്നണി ഭരണത്തിന്‍കീഴില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഈ നിരയില്‍ വരുന്നതാണ് രാജേഷ് മാഞ്ചിയുടെ കൊലപാതകവും. അത്ഭുതകരമെന്നു പറയട്ടെ, ഈ സംഭവങ്ങളെയൊന്നും വിമര്‍ശിക്കാനോ അപലപിക്കാനോ കേരളത്തിലെ സാംസ്കാരിക നായകന്മാര് തയ്യാറല്ല. മനുഷ്യപക്ഷത്തുനിന്നുകൊണ്ട് ഇത്തരം ഹിംസയെ വിമര്‍ശിച്ചാല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ഇതിനു കാരണം. ട്രെയിന്‍യാത്രക്കിടെ സീറ്റുതര്‍ക്കത്തിന്റെ പേരിലുണ്ടായ അടിപിടിയില്‍ കൊല്ലപ്പെട്ട ജുനൈദ് എന്നയാളുടെ കുടുംബത്തിന് അങ്ങ് ഹരിയാനയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപ സഹായധനം നല്കുകയുണ്ടായി. മരിച്ചയാളുടെ മതമാണ് പിണറായിയെ ഇതിന് പ്രേരിപ്പിച്ചത്. ഇങ്ങനെയൊരു പരിഗണന അട്ടപ്പാടി മധുവിന്റെയും വയനാട്ടിലെ വിശ്വനാഥന്റെയും കുടുംബത്തോട് കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ സിപിഎമ്മിന്റെ അടിമവംശമായി അധഃപതിച്ചുകഴിഞ്ഞിരിക്കുന്ന സാംസ്കാരിക നായകന്മാര്ക്ക് നാവുപൊന്തിയില്ല. അട്ടപ്പാടി മധുവിന്റെ കേസില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് ഇടതു ഭരണകൂടം നിന്നത്. പ്രതികള്‍ക്കെതിരെ എസ്സി-എസ്ടി ആക്ട് പ്രകാരം കേസെടുക്കാതിരുന്നതാണ് കുറ്റം തെളിഞ്ഞിട്ടും മതിയായ ശിക്ഷ ലഭിക്കാതെ പോയത്. സാക്ഷികളെ കൂറുമാറ്റാനും ഒത്താശ ചെയ്തു. ഇതുതന്നെയാണ് ദളിതനായ രാജേഷ് മാഞ്ചിയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: